മസ്കത്ത്: പ്രിമിയർ കപ്പ് ട്വന്റി20 ടൂർണമെന്റിൽ ഒമാൻ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണെടുത്തത്. 19.2 ഓവറിൽ അഞ്ച് വിക്കറ്റിന് ഒമാൻ വിജയം കാണുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ യു.എ.ഇയാണ് സുൽത്താനേറ്റിന്റെ എതിരാളി. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ നേപ്പാളിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് യു.എ.ഇ ഫൈനൽ ബെർത്തുറപ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ആഖിബ് ഇല്യാസിന്റെ തകർപ്പൻ പ്രകടനമാണ് കലാശക്കളിയിലേക്ക് ഒമാന്‍ വഴി എളുപ്പമാക്കിയത്.
14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും 51 പന്തിൽ പുറത്താകാതെ 62 റൺസുമെടുത്ത ആഖിബ് ഇല്യാസ് തന്നെയാണ് കളിയിലെ താരവും. താരതമ്യേനെ കുറഞ്ഞ സ്കോർ തേടിയിറങ്ങിയ ഒമാന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. സ്കോർബോർഡിൽ 19 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ഓപണർമാർ രണ്ടുപേരും പവിലിയനിലെത്തിയിരുന്നു. എന്നാൽ പിന്നീടുവന്ന ആഖിബ് ഇല്യാസ് സാഹചര്യം അറിഞ്ഞുകളിച്ചതാണ് ഒമാന്‍ കാര്യങ്ങൾ എളുപ്പമാക്കിയത്. രണ്ട് സിക്സും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ആഖിബിന്റെ ഇന്നിങ്സ്. ഖാലിദ് കൈൽ (16), സീഷാൻ മഖ്സൂദ് (15) റൺസും സുൽത്താനേറ്റിനുവേണ്ടി എടുത്തു.
ബിലാൽ ഖാൻ മൂന്നും കലീമുല്ല, ഫയാസ്ബട്ട്, സീഷാൻ മഖ്സൂദ് എന്നിവർ ഒരോവിക്കറ്റ് വീതവും സ്വന്തമാക്കി. ടോസ് നേടിയ ഒമാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 2.30 മുതല്‍ ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ നേപ്പാള്‍ ഹോങ്കോങിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.