മസ്കത്ത്: ദോഫാർ ഗവർണറേറ്റിന്‍റെ ജബൽ പ്രദേശങ്ങളിൽ മഴ തുടരുന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് താഖ വിലായത്തിലാണ്. 244 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ജൂലൈ ഏഴ് മുതൽ 23 വരെയുള്ള കണക്കാണിത്. മഴ ലഭിച്ചതോടെ ഗവർണറേറ്റിലുടനീളം നീരുറവകൾ കവിഞ്ഞൊഴുകി. കുന്നുകളും സമതലങ്ങളും പച്ചയണിഞ്ഞു.
രാഖൂത്ത്- 124 മില്ലിമീറ്റർ, സലാല- 66 മില്ലിമീറ്റർ, മിർബാത്ത് -55 മില്ലിമീറ്റർ, മുഖ്‌ഷിൻ -ഏഴ് മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ തോത്. ദോഫാറിന്റെ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള പർവതങ്ങളിലും വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
താപനില താഴ്ന്നതോടെ തണുപ്പും മറ്റും ആസ്വദിക്കാനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി പേരാണ് ദോഫാറിലേക്ക് എത്തുന്നത്. ഉഷ്ണ മേഖല ന്യൂനമർദത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ലഭിച്ചത്. ഇത് കത്തുന്ന ചൂടിന് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ചൂട് ഉയരുന്നതോടെ വാരാന്ത്യദിനങ്ങളിൽ സുൽത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് സലാലയിലേക്ക് ഒഴുക്കുണ്ടാകുമെന്നാണ് യാത്രാമേഖലയിലുള്ളവർ പറയുന്നത്. സ്വദേശി പൗരൻമാർക്ക് പ്രത്യേക ഓഫറുകളും ഒമാൻ എയർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മുവാസലാത്ത് പ്രത്യേക സർവിസുകളും നടത്തുന്നുണ്ട്. അതേസമയം, ദോഫാറിലെത്തുന്നവർ സുരക്ഷ നിർദേശങ്ങളും മറ്റും പാലിക്കാൻ തയാറാകണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു.
കുളങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലും മറ്റും നീന്തരുതെന്നും നിർദേശമുണ്ട്. റോഡ് മാർഗം രാത്രി എത്തുന്നവർ കൂടുതൽ സൂക്ഷിക്കണം. മരൂഭൂ പ്രദേശങ്ങളിലൂടെയുള്ള റോഡുകളിൽ മണൽ അടിഞ്ഞുകൂടാനും സാധ്യതയുണ്ട്.
സലാലയിലെ മുഗ്സൈൽ ബീച്ചിൽ അഞ്ച് ഇന്ത്യക്കാർ ഈ മസം 10ന് അപകടത്തിൽപ്പെട്ടിരുന്നു. സുരക്ഷ വേലി ലംഘിച്ച് ഫോട്ടോ എടുക്കുന്നതിനിടെ തിരമാലയിൽ അകപ്പെടുകയായിരുന്നു ഇവർ. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബീച്ച് ഏതാനും ദിവസം മുമ്പാണ് തുറന്നത്. സംരക്ഷവേലി അതിക്രമിച്ച് കടക്കാതിരിക്കുക, കുട്ടികളെ നിരീക്ഷിക്കുക, അപകടകരമായ സ്ഥലങ്ങളിൽനിന്നും പാറക്കെട്ടുകളിൽനിന്നും അകന്നുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.