മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുള്ള മഴ ഞായറാഴ്ച രാവിലെ വരെ തുടരും. സിവിൽ ഏവിയേഷൻ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദാഖിലിയ, മസ്കത്ത് ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.
തെക്ക്-വടക്ക് ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ ക്രമേണ വ്യാപിക്കുമെന്നാണ് കരുതുന്നത്. വിവിധ ഇടങ്ങളിൽ പത്തുമുതൽ 70 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിലായിരിക്കും കാറ്റ്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അതേസമയം, തലസ്ഥാന നഗരിയായ മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ സാമാന്യം നല്ലമഴയാണ് കഴിഞ്ഞ ദിവസവും ലഭിച്ചത്. പലയിടത്തും വാദികൾ രൂപപ്പെട്ടു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, ദോഫാറിലെ സലാല തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മസ്കത്ത് ഗവർണറേറ്റിൽ വെള്ളിയാഴ്ച പുലർച്ചയാണ് മഴ പെയ്തത്. വെള്ളിയാഴ്ച രാവിലെ മുതൽ പ്രസന്നമായ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മഴ ശക്തിയാർജിച്ചു. മസ്കത്തിന്റെ എല്ലാ വിലായത്തുകളിലും നല്ല മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും രംഗത്തുണ്ട്. വാരാന്ത്യദിനങ്ങളിലെ മഴ ഏറെ പ്രയാസത്തിലാക്കിയത് കച്ചവടക്കാരെയാണ്.
അവധി ദിനങ്ങളിലാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ ഷോപ്പിങ്ങിന് ഇറങ്ങാറ്. തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടതോടെ പലരും വീടുകളിലും ഫ്ലാറ്റുകളിലും ഒതുങ്ങിക്കൂടുകയായിരുന്നു. ഇതോടെ നഗരങ്ങളിലൊക്കെ ആളൊഴിഞ്ഞ സ്ഥിതിയായി.
മസ്കത്ത്: മഴ മുന്നറിയിപ്പിനെ തുടർന്ന് മസ്കത്ത് നൈറ്റ്സിന്റെ വെള്ളിയാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി. അതേസമയം, കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ പരിപാടികൾ ശനിയാഴ്ച നടത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
അൽ നസീം പബ്ലിക് പാർക്ക്, അൽ ഖുറം നാചുറൽ പാർക്ക്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലെ പരിപാടികളാണ് ഒഴിവാക്കിയത്. അതേസമയം, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ ഇൻഡോർ പരിപാടികൾ ഷെഡ്യൂൾ പ്രകാരം നടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.