മസ്കത്ത്: രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന മഴയിൽ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ നഷ്ടമായത് 16 ജീവനുകളെന്ന് റോയൽ ഒമാൻ പൊലീസിലെ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നാസർ അൽ കിന്ദി.
വാദികളിലും ബീച്ചുകളിലും മുങ്ങിയാണ് കുട്ടികളുൾപ്പെടെ ഇത്രയും ആളുകളുടെ ജീവിതങ്ങൾ പൊലിഞ്ഞത്. അതേസമയം, വിവിധ ഭാഗങ്ങളിൽനിന്നായി 40ലധികം ആളുകളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്‍റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു.
ഈ മാസം ആദ്യത്തോടെയാണ് സുൽത്താനേറ്റിൽ മഴ പെയ്ത് തുടങ്ങിയത്. ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഫലമായായിരുന്നു മഴ. കനത്തമഴയിൽ വാദികൾ നിറഞ്ഞുകവിയുമെന്നും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെ അവഗണിച്ചതാണ് അപകടത്തിന്‍റെ തോത് വർധിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ ബലിപെരുന്നാൾ കൂടി ആഗതമായതോടെ രാജ്യത്തെ ബീച്ചുകളടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഇത്തരം സ്ഥലങ്ങളിൽനിന്നെല്ലാം മരണമടക്കമുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സുൽത്താനേറ്റിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ ഞായറാഴ്ച സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തീരുമാനിക്കുകയായിരുന്നു. അതേസമയം, വിവിധ ഗവർണറേറ്റുകളിൽ സി.ഡി.എയുടെയും ആർ.ഒ.പിയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഖരീഫ് സീസണിൽ ദോഫാറിലെ വാദികളിലും മറ്റ് സ്ഥലങ്ങളിലും സന്ദർശിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സി.ഡി.എ.എ ആവശ്യപ്പെട്ടു. കുളങ്ങൾ, ബീച്ചുകൾ എന്നിവയുൾപ്പെടെ നിശ്ചയിക്കാത്ത പ്രദേശങ്ങളിൽ ഇറങ്ങരുതെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.