മസ്കത്ത്: ന്യൂനമർദത്തെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്തമഴയിൽ ഒമാനിൽ ആറുപേർ മരിച്ചു. വിവിധ ഗവർണറേറ്റുകളിലെ വാദികളിൽ കുടുങ്ങിയ 20പേരെ രക്ഷപ്പെടുത്തുകയും ചെയ്ത്തായി അധികൃതർ അറിയിച്ചു. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ക്യാപ്റ്റൻ മുനീർ ബിൻ മുഹമ്മദ് അൽ സിനാനാണ് മരണനിരക്ക് സ്ഥിരീകരിച്ചത്. ദാഖിലിയ ഗവർണറേറ്റിൽ സമാഇൽ വിലായത്തിലാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റുള്ളവരുടെ മരണ വിവരങ്ങൾ ലഭ്യമായിട്ടില്ല. സമാഇൽ വാഹനം വെള്ളത്തിൽ ഒഴുകുന്നത് ശ്രദ്ധയിപെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ രക്ഷിക്കാനായി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദികളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആംബുലൻസ് അധികൃതർ രക്ഷിച്ചു.
റുസ്താഖ് വിലായത്തിലാണ് സംഭവം. നഖൽ വിലായത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ ഒരാളെയും വാദികളിൽ അകപ്പെട്ട 14പേരെയും രക്ഷിച്ചു. മസ്കത്തിലെ സീബ് വിലായത്തിലെ വാദിയിൽനിന്ന് രണ്ടുപേരെയും സിവിൽ ഡിഫൻസ് ആംബുലൻസ് അധികൃതർ രക്ഷിച്ചു. ജനുവരി അഞ്ചുവരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തലസ്ഥാന നഗരിയായ മസ്കത്ത് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ചയും മഴ തുടർന്നു. സുഹാർ, ഇബ്ര, ലിവ, ഖാബൂറ, നഖൽ, ബഹ്ല, അൽഅവബി, ഖുറിയാത്ത്, യങ്കൽ, ബുറൈമി, റൂവി,ഖുറം,അൽ ഖുവൈർ തുടങ്ങിയ ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
വാദികൾ നിറഞ്ഞ് കവിഞ്ഞതിനാൽ മുറിച്ച് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടാൻ പൊലീസിനെയും സിവില്‍ ഡിഫന്‍സിനെയും സജ്ജമാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ കാറ്റിന്റെ അകമ്പടിയോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. മുസന്ദം, ബുറൈമി, അൽ ദാഹിറ, തെക്ക്-വടക്കൻ ബത്തിന, ദാഖിലിയ തുടങ്ങിയ ഗവർണറേറ്റുകളിൽ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.
ന്യൂനമർദം ഞായറാഴ്ചയോടെ ദുർബലമാകും. എന്നാൽ തിങ്കളാഴ്ച വീണ്ടും ശക്തിയാർജിക്കും. ബുധനാഴ്ചവരെ ഇതിന്റെ ആഘാതം വടക്കൻ ഗവർണറേറ്റുകളിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച നൽകിയ മുന്നറിയിപ്പിൽ അറിയിച്ചിരുന്നു. തീരപ്രദേശങ്ങളില്‍ രണ്ട് മുതൽ മൂന്നു മീറ്റർ വരെ തിരമാല ഉയർന്നേക്കും. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.ഡിസംബർ 30 മുതൽ 31രാവിലെ എട്ടുവരെയുള്ള കണക്കു പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് ഇബ്ര വിലായത്തിലാണ്. 46 മില്ലിമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. 30 മി.മീറ്റർ മഴ ലഭിച്ച ലിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. മറ്റ് വിലായത്തുകളിൽ ലഭിച്ച മഴയുടെ കണക്ക് ഇപ്രകാരമമാണ് ഖാബൂറ 14 മി.മീ, നഖൽ 10.മി.മീറ്റർ. ബഹ്ല, അൽഅവബി, സുഹാർ എന്നിവിടങ്ങളിൽ പത്തിൽ താഴയും മഴ ലഭിച്ചു.
മഴയിൽ കുതിർന്ന് പുതുവത്സരാഘോഷം
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരം ആഘോഷിക്കാൻ കാത്തിരുന്നവർക്ക് അപ്രതീക്ഷിതമായി എത്തിയ മഴ തിരിച്ചടിയായി. വെള്ളിയാഴ്ച വൈകീട്ട് മുതൽ പെയ്ത കനത്ത മഴമൂലം ആളുകൾ പുറത്തിറങ്ങിയത് കുറവായിരുന്നു. ഹോട്ടലുകളിൽ ന്യൂ ഇയർ പാർട്ടികൾ ഉണ്ടായിരുന്നെങ്കിലും 50ശതമാനം ആളുകളെ മാത്രമെ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ, ഹോട്ടലുകളിൽ ആഘോഷപരിപാടികൾ ഉണ്ടായില്ല. മഴമൂലം ആഘോഷപരിപാടികൾ ഒഴിവാക്കിയത് നഗരത്തിലെ ഫോട്ടോഗ്രാഫർമാർ, വിഡിയോ ഗ്രാഫർമാർ, ഡിസ്ക്ക് ജോക്കികൾ എന്നിവർക്ക് തിരിച്ചടിയായി. ആളുകൾ വീടുകളിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്. സാധാരണ ബീച്ചുകളിലും മറ്റും പുതുവത്സരത്തലേന്ന് ധാരാളം ആളുകളെത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായിരുന്നില്ല. പൊലീസിന്റെ ശക്തമായ നിരീക്ഷണമുള്ളതിനാൽ ആളുകൾ ബീച്ചുകളിൽ അധികമെത്തിയില്ല. സമൂഹ മാധ്യമങ്ങൾ വഴിയായാണ് ആളുകൾ പുതുവത്സര ആശംസകൾ നേർന്നത്. ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു ശാന്തിയും സമാധാനവും പുലരുന്ന പുതുവത്സരം ഉണ്ടാകട്ടെയെന്ന് പ്രാർഥനകളിൽ വൈദികർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.