മസ്കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഒമാൻ സുപ്രീംകമ്മിറ്റി. പള്ളികൾ തുറക്കാനും രാത്രി വ്യാപാര വിലക്ക് നീക്കാനുമാണ് സുപ്രധാന തീരുമാനം.
നൂറുപേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയിൽ അഞ്ചുനേരത്തെ നമസ്കാരങ്ങൾക്ക് പള്ളി തുറക്കാം. എന്നാൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പള്ളികളിൽ വിശ്വാസികൾ എത്തേണ്ടത്.
എല്ലാ ഗവർണറേറ്റുകളിലും രാത്രി എട്ടുമുതൽ പുലർച്ചെ നാലുവരെ നിലവിലുള്ള വ്യപാര വിലക്ക് പിൻവലിച്ചിട്ടുമുണ്ട്. എന്നാൽ കടകൾ, റസ്റ്ററൻറുകൾ, കഫെകൾ, കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. അതേസമയം 12വയസ്സിൽ കുറഞ്ഞ കുട്ടികൾക്ക് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടാവില്ല.
പ്രദർശന കേന്ദ്രങ്ങൾ, വിവാഹ ഹാളുകൾ, ആൾകൂട്ടങ്ങൾക്ക് കാരണമാകുന്ന കച്ചവട സ്ഥാപനങ്ങൾ എന്നിവക്ക് തുറക്കാം. എന്നാൽ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ൽ കൂടുതൽ പ്രവേശിപ്പിക്കാൻ പാടില്ല.
മാസ്ക്, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങൾ ചടങ്ങുകളിൽ പാലിക്കപ്പെടുകയും വേണം. ഒമാനിൽ താമസിച്ച് അയൽ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരനമാർക്കും വിദേശികൾക്കും കരമാർഗം രാജ്യത്തുനിന്ന് പുറത്തുപോകാൻ അനുമതി നൽകിയിട്ടുണ്ട്.
ഈ ഇളവിന് തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് തെളിവ് ഹാജരാക്കണം. ഔട്ട്ഡോർ കായിക പ്രവർത്തികൾക്കും ജമ്മിനും പകുതി ആളുകളുമായി തുറന്നുപ്രവർത്തിക്കാം. അതിഥികൾക്കും അഫിലിയേറ്റഡ് ക്ലബുകളിലെ അംഗങ്ങൾക്കും ഹോട്ടലുകളിലെ സ്വിമ്മിങ് പൂളും ജിമ്മും മറ്റു സംവിധാനങ്ങളും ഉപയോഗിക്കാവുന്നതുമാണ്.
സ്വകാര്യ മേഖലയിൽ മഹാമാരിയുടെ ആഘാതം വർധിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് നടപടികളെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്ന പക്ഷം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും സുപ്രീംകമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനാൽ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവുത്താൻ കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾ ശ്രദ്ധിക്കണം.
മഹാമാരിയുടെ വ്യാപനം കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും സാഹചര്യം പ്രതികൂലമായാൽ വീണ്ടും വ്യാപാരനിയന്ത്രണവും സഞ്ചാര വിലക്കും പരിഗണിക്കുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.