റൂവി നഗരത്തിൽനിന്നുള്ള കാഴ്ച

റൂവി മേഖലയെ താമസക്കാർ കൈയൊഴിയുന്നു

മസ്കത്ത്: കോവിഡ് പ്രതിസന്ധി അവസാനിച്ച് ജനജീവിതം സാധാരണ ഗതി പ്രാപിക്കുകയും വ്യാപാരമടക്കമുള്ള എല്ലാ മേഖലകളും വളരുകയും ചെയ്തെങ്കിലും, ഗതാഗതക്കുരുക്ക് അടക്കമുള്ള നിരവധി കാരണങ്ങളാൽ റൂവി മേഖലയെ താമസക്കാർ കൈ​യൊഴിയുന്നു. മസ്കത്ത് ഗവർണറേറ്റിന്‍റെ ഗൂബ്ര, ബൗഷർ, അൽഖുവൈർ, അമീറാത്ത്, അസൈബ, എയർപോർട്ട് ഹൈറ്റ്സ്, മൊബേല, അൽ ഖൂദ് തുടങ്ങിയ മേഖലക്കാണ് പുതുതായി ഒമാനിൽ എത്തുന്നവർപോലും മുൻഗണന നൽകുന്നത്. ഇതോടെ റൂവിയുടെ വിവിധ ഭാഗങ്ങളിൽ താമസ ഇടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. താമസക്കാർ കുറഞ്ഞതോടെ റൂവിയിൽ കണ്ടുവരുന്ന തിരക്കും കുറഞ്ഞിട്ടുണ്ട്.

മുൻകാലങ്ങളിൽ നിരവധി പ്രധാന സ്ഥാപനങ്ങളുടെ കേന്ദ്രം റൂവിയായിരുന്നു. അതിനാൽ അത്തരം സ്ഥാപനങ്ങളുടെ ജീവനക്കാർ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. ബാങ്ക് മസ്കത്ത്, എൻ.ബി.ഒ അടക്കം നിരവധി സ്ഥാപനങ്ങൾ റൂവിയിൽനിന്ന് മാറ്റിയവയിൽ ഉൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിൽ താമസക്കാർ ആദ്യകാലങ്ങളിൽ റൂവിയിൽതന്നെ താമസിച്ചിരുന്നെങ്കിലും പിന്നീട് ഗതാഗത പ്രശ്നം കാരണം മറ്റിടങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

2016 മുതൽ ഇന്ധന വില വർധിച്ചതാണ് പലരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ആദ്യകാലങ്ങളിൽ കമ്പനികളുടെ വാഹനങ്ങൾ ജീവനക്കാർക്ക് യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇന്ധന വില വർധിച്ചതോടെ കമ്പനികൾ പലതും ജീവനക്കാരുടെ വാഹന ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ആദ്യകാലങ്ങളിൽ റൂസൈലിൽ ജോലിചെയ്യുന്ന നിരവധി പേർ വാദീ കബീറിലും റൂവിയിലും താമസിച്ചിരുന്നു. ഇത്തരക്കാർ ദിവസവും 100 കിലോമീറ്റർ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ധനവില വർധിച്ചതോടെ ഇവരുടെ യാത്രാ ചെലവും കുത്തനെ ഉയർന്നു. ഇതോടെയാണ് ദീർഘകാലമായി റൂവി മേഖലയിലുണ്ടായിരുന്ന നിരവധി പേർ താമസം മാറ്റിയത്.

അമീറാത്ത്, അൽ അൻസാബ് തുടങ്ങിയ നഗരങ്ങൾ വളർന്നതും സൗകര്യങ്ങൾ വർധിച്ചതും നിരവധി പേരെ ഈ മേഖലയിലേക്ക് ആകർഷിച്ചിട്ടുണ്ട്. മസ്കത്ത് എക്പ്രസ് വേ നിലവിൽവന്നതോടെ നിരവധി മേഖലകളിലേക്ക് യാത്ര സൗകര്യം വർധിച്ചതും പുതിയ താമസമേഖലകൾ വളർന്ന് വരുന്നതിന് സഹായിച്ചിട്ടുണ്ട്. അൽ അൻസാബിൽ പുതുതായി ഇന്ത്യൻ സ്കൂൾ ഉയർന്നുവന്നത് ഇന്ത്യക്കാരെ ഇതിന്‍റെ അനുബന്ധ പ്രദേശങ്ങളിലേക്ക് ആകർഷിച്ചു. ഗതാഗത ചെലവ് വർധിച്ചതോടെ കുടുംബമായി കഴിയുന്ന ഇന്ത്യക്കാർ ഇന്ത്യൻ സ്കൂളുകൾക്ക് ചുറ്റും താമസിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

വാടക കുറച്ച് വർധിച്ചാലും കുട്ടികളുടെ സ്കൂൾ ഗതാഗത ഫീസുകൾ ലാഭിക്കാമെന്ന നിലപാട് കാരണമാണിത്. അതിനാൽ ഇന്ത്യൻ സ്കൂളുകൾക്ക് ചുറ്റുമുള്ള മേഖലകളിൽ കെട്ടിട വാടക വല്ലാതെ കുറഞ്ഞിട്ടില്ല. റൂവിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കുട്ടികളുടെ സ്കൂൾ വാടക എന്ന അധികചെലവും റൂവി നഗരത്തിൽനിന്ന് താമസം മാറ്റാൻ പ്രേരിപ്പിക്കുന്നുണ്ട്. 

Tags:    
News Summary - Residents are abandoning Ruwi region oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.