മസ്കത്ത്: ബാലാവകാശ രംഗത്ത് ഒമാൻ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യു.എൻ കമ്മിറ്റി. സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിനെക്കുറിച്ചുള്ള വിശദീകരണത്തിനിടെ ഒമാനി പ്രതിനിധികൾ നൽകിയ മറുപടികളും അടിസ്ഥാനമാക്കിയാണ് ആഗോള പ്രശംസ ലഭിച്ചത്.
ജനീവയിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്ത് നടന്ന കുട്ടികളുടെ അവകാശ സമിതിയുടെ 92ാമത് സെഷനിലാണ് ചർച്ച നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ഒമാൻ നടത്തിയ ശ്രമങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്.
ഒമാൻ പ്രതിനിധി സംഘത്തെ സാമൂഹിക വികസനമന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് അൽ നജാറാണ് നയിച്ചത്. വിവിധ തന്ത്രങ്ങൾ, പരിപാടികൾ, വികസന പദ്ധതികൾ എന്നിവയിൽ മനുഷ്യാവകാശ തത്ത്വങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് സമഗ്രമായ വികസനം കൈവരിക്കാനാണ് ഒമാൻ ശ്രമിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി പറഞ്ഞു.
2021ലെ കണക്കനുസരിച്ച്, മാനവ വികസന സൂചികയിൽ ഒമാൻ 52ാം സ്ഥാനത്താണ്. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിലും (യു.എൻ.ഡി.പി) 2022ലെ അതിന്റെ സമീപകാല റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യു.എന്നിലെ സുൽത്താനേറ്റിന്റെ സ്ഥിരം പ്രതിനിധി ഇദ്രീസ് ബിൻ അബ്ദുറഹ്മാൻ അൽ ഖഞ്ജരി, ജനീവയിലെ അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ, ഒമാന്റെ ജനീവയിലെ സ്ഥിരം ദൗത്യത്തിലെ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.