മസ്കത്ത്: റോഡ് വികസനത്തിന്റെ ഭാഗമായി ബാത്തിന കോസ്റ്റൽ റോഡിലെ കെട്ടിടാവശിഷ്ടം അടക്കമുള്ള മാലിന്യം നീക്കുന്നതിനുള്ള രണ്ടാം ഘട്ട കാമ്പയിന് ഭവന, നഗരാസൂത്രണ മന്ത്രാലയം തുടക്കമിട്ടു. 2021 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി ആറു മാസത്തേക്കുകൂടി തുടരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുഹാർ, സഹം, ഖാബൂറ,സുവൈഖ് തുടങ്ങിയ വിലായത്തുകളിലെ കെട്ടിടാവശിഷ്ടം നീക്കുന്നതിനുള്ള പ്രവൃത്തിയാണ് നടന്നു വരുന്നത്. സുഹാർ, സഹം എന്നിവിടങ്ങളിൽനിന്ന് 2,93,039 ക്യുബിക് മീറ്റർ മാലിന്യവും സുവൈഖ്, ഖാബൂറ എന്നിവിടങ്ങളിൽനിന്ന് 3,02,667 ക്യുബിക് മീറ്റർ മാലിന്യവും നീക്കം ചെയ്യാൻ മന്ത്രാലയത്തിന് സാധിച്ചു.
നാല് വിലായത്തുകളിലെയും മാലിന്യം പൂർണമായും നീക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ എൻവയേൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനിയുമായി ഏകോപിപ്പിച്ച് കെട്ടിടാവശിഷ്ടം മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരം അവശിഷ്ടം പുനരുപയോഗിക്കാൻ പറ്റുന്നതിനെ കുറിച്ചുള്ള പഠനം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.