മസ്കത്ത്: സ്വന്തം ജീവിതംകൊണ്ട് ഒരുപാടുപേരുടെ കണ്ണീരൊപ്പുകയാണ് ജീവകാരുണ്യരംഗത്തെ സജീവസാനിധ്യവും ബ്ലഡ് ഡോണേഴ്സ് കേരളയിലെ പ്രധാന അംഗവുമായ തിരുവല്ലക്കാരി സരസ്വതി മനോജ്. സാമൂഹിക- സാംസ്കാരിക പ്രവർത്തകയായ ഇവരെ മസ്കത്തിലെ മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്.
കോവിഡ് തീവ്രമായ ദിവസങ്ങളിൽ മസ്കത്ത് കെ.എം.സി.സിയുമായി സഹകരിച്ച് നിരവധിപേർക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ചുകൊടുക്കുന്ന സംഘത്തിൽ സ്ഥിരം പ്രതിനിധിയായിരുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പേടിച്ച, മടിച്ച ജനതക്ക് മുന്നിലേക്ക് സരസ്വതി ഇറങ്ങിച്ചെന്നത് കുറേ ആളുകൾക്ക് ആശ്വാസമായിട്ടായിരുന്നു. അമ്മയില്ലാത്ത കുട്ടികൾക്ക് അമ്മയായും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അത്താണിയായും സ്വന്തം ശാരീരിക അസ്വസ്ഥതകൾ മറന്ന് അവർ ഓടി നടന്നു. ചങ്ങനാശ്ശേരി സ്വദേശി വിനോദ് ഭാസ്കരൻ തുടങ്ങിയ ബ്ലഡ് ഡോണേഴ്സ് കേരളയിലൂടെയാണ് സരസ്വതി മനോജ് സന്നദ്ധ രക്തദാന മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതുവഴി നിരവധിപേരെ രക്തദാനം നൽകുന്നതിന് പങ്കാളികളാക്കാനും നിരവധി ജീവനുകൾ രക്ഷിക്കാനും അവർക്ക് കഴിഞ്ഞു. അതുപോലെ വി ഹെൽപ് കൂട്ടായ്മയിലൂടെ സഹായസഹകരണ പ്രവർത്തനങ്ങൾ ഇന്നവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
18 വർഷമായി കുടുംബവുമൊത്ത് മസ്കത്തിൽ സ്ഥിരതാമസമാക്കിയ സരസ്വതി മനോജിന് സ്കൂൾകാലത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിശീലനവും വീട്ടിലെ മാതാപിതാക്കളുടെ സ്വഭാവ സംസ്കരണവും സാമൂഹിക പ്രതിബദ്ധതയുള്ളയാളായി വളരുന്നതിന് സാഹചര്യമൊരുക്കി.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ രാഷ്ട്രപതിയുടെ കൈയിൽനിന്ന് അവാർഡ് ലഭിച്ച ഇവർ പിന്നീട് തന്റെ ഉത്തരവാദിത്തമായി ജീവകാരുണ്യപ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. കുറച്ചുകാലം മുമ്പുവരെയും വനിതദിനംപോലുള്ള ചില പ്രത്യേക അവസരങ്ങളിൽ മാത്രമായിരുന്നു സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചൊക്കെ ചർച്ചകളെങ്കിലും നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ സാഹചര്യം ഒരുപാട് മാറിയിരിക്കുന്നുവെന്ന് സരസ്വതി മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.