മസ്കത്ത്: ഒമാനിൽ നിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) റിയാദിൽ നടന്ന ചടങ്ങിൽ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി (ഒ.ഐ.എ) ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാന്റെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയിൽ നിക്ഷേപങ്ങൾ സാധ്യമാക്കി, രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും നിക്ഷേപവും വിപുലീകരിക്കാനാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനിലെ നിക്ഷേപാവസരങ്ങൾ തുറക്കാൻ ഉദ്ദേശിക്കുന്ന പി.ഐ.എഫിനും അതിന്റെ വിഭാഗങ്ങളായ കമ്പനികൾക്കും ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകും.
പി.ഐ.എഫിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായ സൗദി ഒമാനി ഇൻവെസ്റ്റ്മെന്റ് കമ്പനി അഞ്ചു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. അതിവേഗം വളരുന്ന ഒമാനി സമ്പദ്വ്യവസ്ഥയിൽ നിക്ഷേപവും സഹകരണവും വിപുലീകരിക്കുന്നതിന് പി.ഐ.എഫും ഒ.ഐ.എയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണപത്രം എന്ന് പി.ഐ.എഫിലെ ഡെപ്യൂട്ടി ഗവർണറും മെന ഇൻവെസ്റ്റ്മെന്റ് മേധാവിയുമായ യസീദ് അൽ ഹുമിദ് പറഞ്ഞു.
ഈ ധാരണപത്രം പി.ഐ.എഫുമായുള്ള ഞങ്ങളുടെ നിലവിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും സാമ്പത്തിക വൈവിധ്യവത്കരണത്തിന് കാരണമാകുകയും ചെയ്യുമെന്ന് ഒ.ഐ.എയിലെ നിക്ഷേപത്തിനായുള്ള ഡെപ്യൂട്ടി പ്രസിഡന്റ് മുൽഹാം അൽ ജാർഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.