മസ്കത്ത്: കേരളത്തിൽ മികച്ച ഫുട്ബാൾ കളിക്കാരുണ്ടെന്നും പലപ്പോഴും പരിക്കുകളാണ് പല താരങ്ങളുടെയും ഭാവിയെ തകർക്കുന്നതെന്നും മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തോടിക. അതിനാൽ പരിക്കേറ്റ കളിക്കാരെ സംരക്ഷിക്കാനും അപകടങ്ങൾ സംഭവിച്ചാൽ പുനരധിവസിപ്പിക്കാനും തിരികെ കളിയിലേക്ക് കൊണ്ടുവരുവാനുമുള്ള പദ്ധതികൾ വേണം.
ആശുപത്രികളിൽ ഇവർക്ക് തുടർ ചികിത്സ നടത്താനുള്ള അവസരങ്ങളുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സോക്കർ കാർണിവലിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായെത്തിയ അനസ് ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. ഇത്തരക്കാർക്ക് സ്വന്തം ചെലവിൽ ചികിത്സകൾ നടത്താൻ കഴിയില്ല. അതിനാൽ പരിക്കുകൾ പറ്റുന്ന മികച്ച കളിക്കാർക്കു പോലും രംഗം വിടേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
ഇന്ത്യൻ ഫുട്ബാൾ പഴയതിൽനിന്ന് ഏറെ മാറിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും കഴിയുന്നുണ്ട്. കളിക്കാർ സ്വന്തമായി പ്രഫഷനലിസം ഉണ്ടാക്കിയത് കൊണ്ടാണിത്. എന്നാൽ, നാഷണൽ ഫുട്ബാൾ ടീമിന് സ്വന്തമായി ഗ്രൗണ്ടോ ബസോ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗ്രൗണ്ടുകളും ബസുകളും വാടകക്കെടുക്കുന്ന നാടാണ് നമ്മുടേത്. നല്ല കളിക്കാർപോലും ജോലി തേടി ഗൾഫിൽ പോവുന്ന ദുരവസ്ഥയുണ്ട്. ഏഴു സന്തോഷ് ട്രോഫിയിൽ കളിച്ചവർപോലും മണൽ വാരി ജീവിക്കുന്നുണ്ട്. നല്ല കളിക്കാരെ കണ്ടെത്താനും പരിശീലിപ്പിക്കാനും സത്യസന്ധമായ നീക്കങ്ങൾ വേണം. ഇതിനായി സർക്കർ തലത്തിൽ ഫുട്ബാൾ അക്കാദമികൾ വേണം. എറണാകുളത്ത് ഞാൻ തന്നെ ഉദ്ഘാടനം ചെയ്ത 16 കോടിയുടെ പദ്ധതി ഇതുവരെ എങ്ങുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി പദ്ധതികൾ പേരിന് ആരംഭിക്കുന്നതിന് പകരം ഉള്ളവ ഭംഗിയായി നടത്തുകയാണ് വേണ്ടത്.
ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒമാനിൽ ഇത്രയും ഗംഭീരമായ മലയാളികളുടെ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നുണ്ടെന്ന് അറിയുന്നത് ഗൾഫ് മാധ്യമം നടത്തിയ സോക്കർ കാർണിവൽ വേദിയിലെത്തിപ്പോഴാണ്. ‘ഗൾഫ് മാധ്യമ’മായതുകൊണ്ടാണ് ഇത് ഭംഗിയായി നടത്താൻ കഴിഞ്ഞത്. വരും വർഷങ്ങളിൽ സോക്കർ കാർണിവൽ കൂടുതൽ വളരാൻ സധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ടൂർണമെന്റിന്റെ ആദ്യത്തെ ഉദ്ഘാടകനാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയിലെ സന്തോഷ് ട്രോഫി അടക്കമുള്ള ടൂർണമെന്റിൽ കളിച്ചവരും ദുബൈയിൽ നിന്നെത്തിയവരും മത്സരത്തിൽ കളിക്കുന്നത് ഏറെ അത്ഭുതപ്പെടുത്തി.
ഈ ടൂർണമെന്റെ് നാട്ടിലുള്ള നല്ല കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ഒമാനിലുള്ള കളിക്കാർക്ക് പുതിയ കളിപാഠങ്ങൾ നേടാൻ സഹായമാവുകയും ചെയ്യും.
നാട്ടിലെ ഫുട്ബാൾ കളിക്കാരിൽ 90 ശതമാനവും പാവപ്പെട്ട വീടുകളിൽ നിന്നുള്ളവരാണ്. നാട്ടിലെ ഫുട്ബാൾ മത്സരങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ഗൾഫിൽ കൂടുതൽ ടൂർണമെന്റുകൾ വരുന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാവുമെന്നും അനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.