മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് താങ്ങാവുന്നതും ഉന്നത ഗുണനിലവാരത്തിലുള്ളതുമായ റസിഡൻഷ്യൽ യൂനിറ്റുകൾ കണ്ടെത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ‘സെക’ അവതരിപ്പിച്ച് അധികൃതർ. പൈതൃക, ടൂറിസം മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് അത്യാധുനിക ഇലക്ട്രോണിക് പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്ഫോം വരുന്ന ഖരീഫ് ദോഫാർ സമയത്ത് റെസിഡൻഷ്യൽ യൂനിറ്റുകൾക്കുള്ള വാടക പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അതിഥികൾക്ക് മികച്ച നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിലും വിനോദസഞ്ചാരികളുടെയും പ്രോപ്പർട്ടി ഉടമകളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനും സെക ഒരു സുപ്രധാന പങ്കുവഹിക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സെകയിൽ പ്രോപ്പർട്ടി ഉടമകൾക്ക് ലളിതമായ പ്രക്രിയകളിലൂടെ വേഗത്തിലുള്ള രജിസ്ട്രേഷനും ലൈസൻസിങ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയും. റെസിഡൻഷ്യൽ റെന്റലുകൾക്കായി പ്ലാറ്റ്ഫോം കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ ഖരീഫിനെത്തുന്ന സഞ്ചാരികൾക്ക് മികച്ച റസിഡൻഷ്യൽ യൂനിറ്റുകൾ ലഭ്യമാക്കാൻ സഹായകമാകും. കൂടാതെ, പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ ഓഫറുകൾ നേരിട്ട് പ്രതീക്ഷിക്കുന്ന അതിഥികളിലേക്കെത്തിക്കാനും പുതിയ സംവിധാനം ഉപകാരപ്രദമാകും.
ഈ വർഷത്തെ ഖരീഫ് സീസണിനെ വരവേൽക്കാനായ് അധികൃതർ ദോഫാറിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഖരീഫ് സീസണിന്റെ ഭാഗമായുള്ള ഫെസ്റ്റിവൽ ജൂൺ 20 മുതൽ നടക്കും. 90 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
ജൂൺ 21മുതൽ സെപ്റ്റംബർ 21വരെയാണ് ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ. ലക്ഷക്കണക്കിനാളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്.
ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7, 50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിലെ ത്തിയിരുന്നത്.
വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഖരീഫ് സീസൺ മുന്നിൽകണ്ട് നിരവധി വിമാന കമ്പനികളും സലാലയിലേക്ക് സർവിസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.