മസ്കത്ത്: പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. ഒമാനിലുള്ള പൗരന്മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് തെരഞ്ഞെടുപ്പിനായി സ്വീകരിച്ചിട്ടുള്ളത്.
ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി ഏഴു വരെയാണ് വോട്ടിങ് സമയം. 83 വിലായത്തുകളില്‍നിന്ന് 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഇവരില്‍ 33 പേര് സ്ത്രീകളാണ്. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും.
പ്രചാരണ കാലയളവിൽ സ്ഥാപിച്ച എല്ലാ ബിൽബോർഡുകളും നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം സ്ഥാനാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി വിവിധ സൗകര്യങ്ങളോടെ മസ്കത്ത് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ മീഡിയ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. സുൽത്താനേറ്റിന് പുറത്തുള്ള 50ലധികം പത്രപ്രവർത്തകരെ തെരഞ്ഞെടുപ്പ് രീതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.
സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. ഒക്ടോബർ 22ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്തിന് പുറത്തുള്ള 13, 841 പൗരന്മാർ സമ്മതിദാനം വിനിയോഗിച്ചിരുന്നു. പത്താം ടേമിലേക്കുള്ള തെരഞ്ഞെടുപ്പിൽ 7,53,952 പേരാണ് വോട്ടുചെയ്യാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ 3,62,924 സ്ത്രീ വോട്ടർമാരാണുള്ളത്. 1,39,963 കന്നി വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്. 1,53,809 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 28,843 വോട്ടർമാർ പുതുതായി രജിസ്റ്റർ ചെയ്തവരാണ്. പുതിയ വനിത വോട്ടർമാരുടെ എണ്ണം 76,059 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 21-30 പ്രായത്തിലുള്ളവർ 71,901 ആണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാങ്കേതികവും നിയമപരവും മാധ്യമപരവുമായ ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തിലും സംയോജനത്തിലും പദ്ധതികളും പ്രവർത്തന സംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
ഇൻതിഖാബ് ആപ്ലിക്കേഷനിലൂടെ വോട്ടർമാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. ഇൻതിഖാബ് ആപ്പിലൂടെ വോട്ട് ചെയ്യാനായി നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സവിശേഷതയുള്ള സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, സാധുവായ ഐഡി കാർഡ് എന്നിവ ആവശ്യമാണ്. ഇലക്ടറൽ രജിസ്റ്ററിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുകയും വേണം. ഏറ്റവും ഉയർന്ന സുരക്ഷയും രഹസ്യ സ്വഭാവവും ഉള്ളതാണ് വോട്ടിങ് ആപ്ലിക്കേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.