മസ്കത്ത്: ഒ.ഐ.സി.സി മുൻ അധ്യക്ഷനും ലോക കേരളസഭാംഗവുമായ സിദ്ദിക് ഹസനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഇതു സംബന്ധിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ലഭിച്ചതായി ഒ.ഐ.സി.സി അധ്യക്ഷൻ സജി ഔസേപ്പ് അറിയിച്ചു. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും സംഘടനയിൽ വിഭാഗീയപ്രവർത്തനം തുടർന്നതിനാലാണ് നടപടിയെന്നാണ് കത്തിൽ പറയുന്നത്.
വിഭാഗീയപ്രവർത്തനവും പൊതുജനമധ്യത്തിൽ കെ.പി.സി.സിയെയും ഒ.ഐ.സി.സി നേതാക്കളെയും അപഹാസ്യരാക്കുന്നതും ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സജി ഔസേഫ് പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ നിരന്തര ശ്രമം നടത്തിയിട്ടുണ്ട്. പലതവണ ചർച്ചകൾക്ക് വിളിച്ചിട്ടും ഒമാനിലെ നേതൃത്വത്തെയും കെ.പി.സി.സിയെയും സമൂഹ മാധ്യമങ്ങളിലൂടെ കരിവാരിത്തേക്കുകയാണ് ഉണ്ടായത്. ഒ.ഐ.സി.സിയുടെ ബാനറിൽ യോഗങ്ങളും പരിപാടികളും നടത്തുകയും വ്യാജ മെംബർഷിപ് വിതരണം അടക്കമുള്ള ഗുരുതരമായ തെറ്റുകൾ ചെയ്തതിനാലുമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ കെ.പി.സി.സി അദ്ദേഹത്തെ പുറത്താക്കിയതെന്ന് സജി ഔസേഫ് അറിയിച്ചു.
ഒമാനിൽ ഒ.ഐ.സി.സി വളർച്ചയുടെ പാതയിലാണെന്നും എട്ട് റീജനൽ കമ്മിറ്റികളും നിരവധി ഏരിയ, യൂനിറ്റ് കമ്മിറ്റികളുമായി സംഘടന നിരവധി സാമൂഹിക, സന്നദ്ധ സേവന, ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിവരുകയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും ആരെയും മാറ്റിനിർത്തിയിട്ടില്ലെന്നും ചർച്ചകൾക്കായി എന്നും വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ അറിയിച്ചു. അതേസമയം, ഓർമവെച്ച നാൾമുതൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ് താനെന്നും ഇനിയുള്ള കാലവും അത് തുടരുമെന്നും സിദ്ദിക് ഹസൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.