മസ്കത്ത്: അച്ചടക്ക ലംഘനത്തിന് ഒ.ഐ.സി.സി ഒമാൻ മുൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ അഡ്ഹോക്ക് കമ്മിറ്റി കോഓഡിനേറ്റർ സജി ഔസേപ് അറിയിച്ചു.
ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പിരിച്ചുവിട്ട കെ.പി.സി.സി തീരുമാനത്തിനെതിരെ സിദ്ദീഖ്ഹസന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വാർത്തസമ്മേളനം നടത്തിയിരുന്നു. തുടർന്നും ഒ.ഐ.സി.സി എന്നപേരിൽ പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. ഇക്കാര്യത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ ഏഴുദിവസത്തിനകം നൽകണമെന്ന് സിദ്ദീഖിന് നൽകിയ കത്തിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ സീദ്ദീഖ്ഹസ്സന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ, കോൺഗ്രസിന്റെ പതാകയും സസ്പെൻഷൻ കത്തും പോസ്റ്റ് ചെയ്ത് 'ആവേശമാണ് കോൺഗ്രസ്, അഭിമാനമാണ് കോൺഗ്രസ്'എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിദേശരാജ്യങ്ങളിൽ കോൺഗ്രസിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത് ഒ.ഐ.സി.സിയും ഇൻകാസും ഐ.ഒ.സിയുമായിരിക്കുമെന്ന് ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. മറ്റു പേരുകളിലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.