മസ്കത്ത്: 1.3 ശതകോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്ന ഈ വർഷത്തെ പൊതുബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ തരിഖ് അംഗീകാരം നൽകി. മന്ത്രിസഭ അംഗീകരിച്ച പൊതുബജറ്റ് സുൽത്താന്റെ അംഗീകാരത്തിന് വിട്ടിരുന്നു. ഈവർഷം 12.950 ശതകോടി റിയാലിന്റെ പൊതുചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞവർഷത്തെ ബജറ്റിനെക്കാൾ ഏഴു ശതമാനം കൂടുതലാണ്.
ഈവർഷം 11.650 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ പത്തു ശതമാനം കൂടുതലാണ്. കഴിഞ്ഞവർഷം എണ്ണവില വർധിച്ചതടക്കമുള്ള കാരണങ്ങളാൽ 1.146 ശതകോടി റിയാൽ മിച്ചമായരിന്നു. കഴിഞ്ഞ വർഷം ശരാശരി എണ്ണ വില 94 ഡോളറാണ്. ഇതനുസരിച്ച് മൊത്തം വരുമാനം 14.234 ശതകോടി റിയാലും മൊത്തം പൊതു ചെലവ് 13. 88 ശതകോടി റിയാലുമായിരുന്നു. ഈവർഷം ദിവസം 1.175 ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുക.
ശരാശരി എണ്ണവില 55 ഡോളറായാണ് ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്. ബജറ്റിൽ വിദ്യാഭ്യാസത്തിനാണ് ഏറ്റവും വലിയ തുക വകയിരുത്തിയിരിക്കുന്നത്. പ്രകൃതിവാതക മേഖല പൂർണമായി നിയന്ത്രിക്കാനായി ഇൻറഗ്രേറ്റ് ഗ്യാസ് കമ്പനി സ്ഥാപിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുണ്ട്. പ്രകൃതിവാതകം വാങ്ങൽ, വിൽക്കൽ, നിയന്ത്രിക്കൽ, കയറ്റുമതി, ഇറക്കുമതി അടക്കമുള്ളവയുടെ ഉത്തരവാദിത്തവും ബാധ്യതയും പ്രസ്തുത കമ്പനിക്കായിരിക്കും.
വിവിധ ഗവർണറേറ്റുകളിൽ പുതുതായി 15 സ്കൂളുകൾ നിർമിക്കും. നിരവധി ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കൽ, റോഡുകൾ ഇരട്ടിപ്പിക്കൽ, നാചുറൽ പാർക്ക്, ഡാം, മഹൂത്ത് വിലായത്തിൽ മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കൽ എന്നിവയും ബജറ്റിലുണ്ട്. ബിസിനസ് അനുകൂല സാഹചര്യം ഉണ്ടാക്കാൻ 35 പുതിയ നിയമങ്ങളും നടപ്പാക്കും.
2021 ഏപ്രിലിൽ ഇൻവെസ്റ്റ് ഈസി പദ്ധതി നടപ്പാക്കിയ ശേഷം 8,02,524 അപേക്ഷകളാണ് സമർപ്പിച്ചത്. ഇതിൽ 7,65,324 അപേക്ഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ബിസിനസ് സംരംഭങ്ങൾക്കായി നടപ്പുവർഷം ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 1.9 ശതകോടി റിയാൽ ചെലവഴിക്കും 2023ല്‍ ആദായ നികുതി ഏര്‍പ്പെടുത്തില്ലെന്നും വാറ്റ് നിരക്ക് വര്‍ധിപ്പിക്കുകയില്ലെന്നും ധനമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.