മസ്കത്ത്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും രക്ഷാകർതൃത്വം വഹിക്കുകയും ചെയ്ത ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് സുപ്രീം കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി നന്ദി പറഞ്ഞു. രാജകീയ രക്ഷാകർതൃത്വം കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ വിജയത്തിനും ലക്ഷ്യ പൂർത്തീകരണത്തിനും സഹായിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
രാത്രി സഞ്ചാരവിലക്ക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനുശേഷം വിവിധ മേഖലകളിലുള്ള വിദഗ്ധർ വിശദമായ പഠനത്തിനശേഷം സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കമ്മിറ്റി ഇപ്പോൾ തീരുമാനങ്ങളെടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ഒമാൻ ഒൗദ്യോഗിക വാർത്ത ഏജൻസിയോട് പറഞ്ഞു. വ്യക്തികളെയും സമൂഹത്തെയും കോവിഡിൽനിന്ന് രക്ഷിക്കുകയാണ് തീരുമാനങ്ങളുടെ ലക്ഷ്യം. ബലിപെരുന്നാൾ സമയത്തെ ഒത്തുചേരലുകൾ തടയുന്നതിനായാണ് ഗവർണറേറ്റുകൾ അടച്ചിട്ടതും രാത്രി യാത്രാവിലക്ക് ഏർപ്പെടുത്തിയതും.
ലോക്ഡൗൺ, രാത്രി സഞ്ചാര വിലക്കുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തിയ പ്രതിബദ്ധതക്ക് ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു. കോവിഡ് വൈറസിനെക്കുറിച്ച് ഒമാനി സമൂഹം കൂടുതൽ ബോധവാന്മാർ ആയതായും പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായുള്ള റോയൽ ഒമാൻ പൊലീസിെൻറയും സുൽത്താൻ സായുധസേനയുടെയും പരിശ്രമങ്ങൾക്ക് സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി നന്ദി പറഞ്ഞു. കോവിഡ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.