മസ്കത്ത്: ഒമാന്റെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നന്ദിപറഞ്ഞ് ഏകദിന സന്ദർശനം പൂർത്തിയാക്കി സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് മടങ്ങി. മസ്കത്തിലെത്തിയ പ്രസിഡന്റിന് ഊഷ്മള വരവേൽപാണ് നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തി.
അൽ ബറഖ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ഇരയായ കുടുംബങ്ങളോടും സിറിയൻ ജനതയോടുമുള്ള അനുശോചനം സുൽത്താൻ പ്രസിഡന്റിനെ വീണ്ടും അറിയിച്ചു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഒമാൻ നൽകുന്ന പിന്തുണ തുടരുമെന്ന് സുൽത്താൻ പറഞ്ഞു.
സിറിയൻ ജനതയോടുള്ള ഒമാന്റെ ഐക്യദാർഢ്യത്തിന് സുൽത്താനോടും ഒമാൻ ജനതയോടും നന്ദിപറഞ്ഞ ബശ്ശാർ, ഭൂകമ്പത്തിന്റെ ആഘാതം കുറക്കുന്നതിനായി ഒമാൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം, ഉഭയകക്ഷിബന്ധം എന്നിവയും അവലോകനംചെയ്തു. ഇരുനേതാക്കളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളും കൈമാറി.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, വിദ്യാഭ്യാസമന്ത്രി മദിഹ ബിൻത് അഹമ്മദ് അൽ ഷൈബാനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, സിറിയയിലെ ഒമാൻ അംബാസഡർ സയ്യിദ് തുർക്കി ബിൻ മഹ്മൂദ് അൽ ബുസൈദി, സിറിയൻ വിദേശകാര്യ, പ്രവാസിമന്ത്രി ഡോ. ഫൈസൽ മെക്ദാദ്, പ്രസിഡൻഷ്യൽ കാര്യ മന്ത്രി മൻസൂർ ഫദ്ലല്ല അസം, സാമ്പത്തിക, വിദേശ വ്യാപാരമന്ത്രി ഡോ. സമീർ അൽ ഖലീൽ, പ്രത്യേക പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ലൂണ അൽ ഷിബ്ൽ, ഒമാനിലെ സിറിയൻ അംബാസഡറുമായ ഇദ്രിസ് മായ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം സിറിയൻ പ്രസിഡന്റും സുൽത്താനും അടച്ചിട്ട മുറിക്കുള്ളിൽ ചർച്ചയും നടത്തി. സന്ദർശനം അവസാനിപ്പിച്ച് തിങ്കളാഴ്ച വൈകീട്ടോടെ മടങ്ങിയ സിറിയൻ പ്രസിഡന്റിനും പ്രതിനിധിസംഘത്തിനും റോയൽ എയർപോർട്ടിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.