മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിൽ അക്കാദമിക് വർഷം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്ത വിഷയം ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് നിവേദനം നൽകി. അംബാസഡറുമായി ചർച്ച നടത്തിയ സംഘം വിദ്യാർഥികൾ നേരിടുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലെ എംബസിയുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു.
വിഷയം അതീവ ഗൗരവതരമാണെന്നും അടുത്ത ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. ചർച്ചയിൽ പങ്കെടുത്ത ഡയറക്ടർ ബോർഡംഗത്തിന് ഇതു സംബന്ധിച്ച നിർദേശവും അദ്ദേഹം നൽകി. വിദ്യാർഥികൾ നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽ കൊണ്ടുവന്നതിന് രക്ഷിതാക്കൾക്ക് അംബാസഡർ നന്ദിയും പറഞ്ഞു.
ഇന്ത്യൻ സ്കൂളുകളിൽ കേന്ദ്രീകൃത ബുക്ക് പർച്ചേസ് സംവിധാനം കഴിഞ്ഞ വർഷം സ്കൂൾ ഡയറക്ടർ ബോർഡ് നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളികളിലേക്കുമുള്ള ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിന് ഒരു ഏജൻസിയെ ഏൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ പരിഷ്കാരത്തിലെ അപാകതയും പ്രായോഗിക പ്രശ്നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ മുമ്പ് പല തവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് ബോർഡ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് അടക്കുന്നതിൽ വീഴ്ച വന്നതിന്റെ പേരിൽ ചില വിദ്യാർഥികളെ ക്ലാസിൽനിന്നും പുറത്താക്കിയ സംഭവം കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത വിഷയവും രക്ഷിതാക്കൾ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം നഷ്ടമാകരുത് എന്ന കമ്യൂണിറ്റി സ്കൂൾ സംവിധാനത്തിന്റെ പൊതുനയം ഉയർത്തിപ്പിടിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകണമെന്നും രക്ഷിതാക്കൾ അംബാസഡറോട് അഭ്യർഥിച്ചു.
അംബാസഡറുമായുള്ള ചർച്ചയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രക്ഷിതാക്കൾ, ടെക്സ്റ്റ് ബുക്കുകൾ ഈ ആഴ്ച തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ തുടർന്നും ഇടപെടലുകൾ ഉണ്ടാകുമെന്ന് രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കൃഷ്ണകുമാർ, സുഗതൻ, കെ.വി. വിജയൻ, മനോജ് പെരിങ്ങേത്ത്, അനു ചന്ദ്രൻ, ബിബിൻ ദാസ്, ബിനു കേശവൻ, സുജിന മനോജ്, അഭിലാഷ് എന്നിവർ അറിയിച്ചു.
അതേസമയം, പുസ്തക വിതരണം വൈകിയത് മാനേജ്മെന്റിന്റെ ദീർഘ വീക്ഷണക്കുറവാണെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിനിധി ഡോ. സജി ഉതുപ്പാൻ അറിയിച്ചു. അധ്യയന വർഷം ഒന്നര മാസം പിന്നിട്ടിട്ടും ഒരു ക്ലാസിലെയും പുസ്തകങ്ങൾ ലഭ്യമാക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിൽ കൃത്യസമയത്ത് പുസ്തകങ്ങൾ എത്തിച്ചിരുന്നു.
എന്നാൽ, ഈ വർഷം പുസ്തക വിതരണം ഏൽപിച്ചത് ഒരുവിധ അനുഭവവുമില്ലാത്ത ഏജൻസിയെയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പകരം സംവിധാനമായി കുട്ടികൾക്ക് എല്ലാ പേജുകളും ഫോട്ടോകോപ്പി എടുത്തു നൽകുന്നുണ്ട്. ഇതിന്റെ സാമ്പത്തിക ബാധ്യത പിന്നീട് മാതാപിതാക്കളിലേക്കെത്തുമോയെന്ന് സിജു തോമസ്, ജയാനന്ദൻ എന്നിവർ പറഞ്ഞു.
പതിനായിരക്കണക്കിന് കുട്ടികളെ ബാധിക്കുന്ന ഇത്രയേറെ ഗൗരവമുള്ള ഈ വിഷയത്തെ തികഞ്ഞ ലാഘവത്തോടെയാണ് മാനേജ്മെൻറ് സമീപിച്ചത് എന്നാണ് മനസ്സിലാകുന്നത് കൂട്ടായ്മ പ്രതിനിധി സജോ ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.