മസ്കത്ത്: മുസന്നയിൽ മരിച്ച പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം പ്രവാസി വെൽഫെയർ ഒമാന് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഹൂഗ്ലി ജില്ലയിലെ ഇസ്ലാംപരയിലെ മുഹമ്മദ് നാസിർ എന്നയാളുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം മസ്കത്ത് എയർപോർട്ട് വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്. കഴിഞ്ഞമാസം 13നാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. തൊട്ടടുത്ത ദിവസംതന്നെ മരണപ്പെടുകയായിരുന്നു. ഇതേ കുറിച്ച് ആർക്കും അറിവില്ലായിരുന്നു.
ഇതിനിടെ നാട്ടിലുള്ളവർ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. മരണപ്പെട്ട മുഹമ്മദ് നാസിറിന്റെ മസ്കത്തിലുള്ള അയൽവാസി മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുസന്നയിലുള്ള പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ റുസ്താഖിലെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അപ്പോഴേക്കും മരിച്ചിട്ട് 15 ദിവസമായിരുന്നു. എംബസിയിൽനിന്ന് രേഖകളും മറ്റും ശരിയാക്കി വെള്ളിയാഴ്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരായ ഷെമീർ കൊല്ലക്കാൻ, ഷഫീർ നരിക്കുനി, യാസർ മൊയ്തു, കാസിം പാടത്താൻ, സനോജ് കൊച്ചി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടിലെയും ഇവിടത്തെയും രേഖകൾ തയാറാക്കുന്നത് മുതൽ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.