മസ്കത്ത്: ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായകമാകുന്ന നിരവധി പദ്ധതികൾക്കും സംരംഭങ്ങൾക്കും ധനസഹായം നൽകുന്ന അഞ്ചു കരാറുകളിൽ സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെച്ചു. മൂന്ന് ലക്ഷം റിയാലിെൻറ കരാറിൽ ഒമാൻ എൽ.എൻ.ജിയുമായാണ് ഒപ്പിട്ടിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള 32 ഒമാനി വിമൻസ് അസോസിയേഷൻ കെട്ടിടങ്ങൾക്ക് സോളാർ പാനലുകൾ വിതരണം ചെയ്യുന്നതിനായി ധനസഹായം നൽകുന്ന 'സോളാർ എനർജി' സംരംഭമാണ് കരാറിൽ ആദ്യത്തേത്. ഇതിലൂടെ സോളാർ പാനലുകൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാൻ കമ്പനി ലക്ഷ്യമിടുന്നു. വിവിധ ഒമാനി വിമൻസ് അസോസിയേഷനുകൾക്കുള്ള നേതൃത്വ, മാനേജ്മെൻറ് പരിശീലന പരിപാടികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് രണ്ടാമത്തെ കരാർ. നേതൃത്വം, ഇന്നവേഷൻ, ഫിനാൻഷ്യൽ മാനേജ്മെൻറ്, മീഡിയ, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ 195 സ്ത്രീകൾക്ക് പരിശീലന അവസരങ്ങൾ ഇതിലൂടെ നൽകും. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ള പ്രമേഹബാധിതരായ കുട്ടികളെ ലക്ഷ്യമിട്ടുള്ള 'ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്' കാമ്പയിന് ധനസഹായം നൽകുന്നതാണ് മൂന്നാമത്തെ കരാറിൽ വരുന്നത്.
ദഖ്ലിയ ഗവർണറേറ്റിലെ അൽ നൂർ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിനായി ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം ഉൾക്കൊള്ളുന്നതാണ് നാലാമത്തെ കരാർ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ കന്നുകാലി വളർത്തുന്നവരെ സഹായിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അഞ്ചാമത്തെ കരാർ. സമൂഹത്തിന് പ്രയോജനം ലഭിക്കുന്ന വിവിധ സാമൂഹിക വികസന പരിപാടികളെയും സംരംഭങ്ങളെയും പിന്തുണക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഒമാൻ എൽ.എൻ.ജി ഡെവലപ്മെൻറ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. അമോർ അൽ മതാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.