സുഹാർ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പല സ്ഥാപനങ്ങളിലും തൊഴിലാളികളുടെ അഭാവം രൂക്ഷം. കച്ചവട സ്ഥാപനങ്ങളിലാണ് പ്രധാനമായും തൊഴിലാളികളില്ലാത്തത്. അവധിക്ക് നാട്ടിൽ പോയവർ തിരികെ വരാനാകാതെ കുടുങ്ങി കിടക്കുന്നതാണ് പ്രധാന കാരണം. പുതിയ വിസ ലഭിക്കാത്തതും പ്രശ്നമാണ്. ലീവിനുപോയ നിരവധി പേരാണ് കുടുങ്ങിയത്. പുതിയ ആളുകളെ നിയമിക്കേണ്ടി വരുമ്പോൾ ജോലി അന്വേഷിക്കുന്നവരെ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളതെന്ന് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.
നിരവധി ഒഴിവുകൾ നിലവിലുണ്ടെങ്കിലും യോജിച്ച ആളുകളെ കിട്ടുകയെന്നത് വലിയ കടമ്പയായി മാറിയിരിക്കയാണെന്ന് ഒമാനിലെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ നദ ഹാപ്പിനെസ് ട്രേഡിങ് കമ്പനി ജനറൽ മാനേജർ അമീർ പറയുന്നു. ലോഡിങ്, അൺലോഡിങ്, ക്ലീനിങ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും ഡിമാന്‍ഡ്. ഇരട്ടി ശമ്പളമാണ് ആവശ്യപ്പെടുന്നതെന്നും അമീർ പറയുന്നു.
കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇവർ പൊതുമാപ്പിൽ രാജ്യം വിട്ടതോടെയാണ് തൊഴിൽ പ്രതിസന്ധി ഇത്ര രൂക്ഷമായത്.
പഴയ കാലങ്ങളിൽ പരസ്യം ചെയ്താൽ ഒരു ഒഴിവാണെങ്കിൽ പോലും അമ്പതോളം പേര് വിളിക്കും. ഇന്ന് ഒരാളെപ്പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് സോഹാറിലെ എ.എ.എ ട്രേഡിങ് പാർട്ണർ ലിജു പറയുന്നു. രണ്ടും മൂന്നും പേജിൽ ജോലി ആവശ്യമുണ്ടെന്ന് പരസ്യം വന്നിരുന്ന പത്രങ്ങളിൽ തൊഴിൽ പരസ്യം ഒരു പേജിൽ ഒതുങ്ങുന്നു. ഡ്രൈവർ ജോലിക്ക് പോലും വലിയ വേതനം ആവശ്യപ്പെടുകയാണ്.
നിർമാണമേഖലയിലും തുടങ്ങിവെച്ച പ്രോജക്ടുകൾ തീർക്കാൻ തൊഴിലാളികളുടെ അഭാവം തടസ്സമാകുന്നുണ്ട്. പുറത്തുനിന്ന് തൊഴിലാളികളെ ധാരാളമായി ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ഇരട്ടി തുക നൽകിയാലേ ഒരാളെ ലഭിക്കുകയുള്ളൂവെന്ന് ബർക്കയിൽ കെട്ടിട നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം സ്വദേശി പറയുന്നു.
ഒമാെൻറ വിവിധ പ്രദേശങ്ങളിൽ മുമ്പ് രാവിലെ തൊഴിൽ അന്വേഷിച്ചു നിൽക്കുന്ന നൂറ് കണക്കിന് ആളുകളെ കാണാനാകുമായിരുന്നു. ബംഗ്ലാദേശ് സ്വദേശികളായിരുന്നു ഇവരിൽ കൂടുതലും. ആവശ്യക്കാർ വാഹനവുമായി വന്നു കൊണ്ടുപോവുകയായിരുന്നു പതിവ്. ഫ്രീ വിസക്കാരായ ബംഗ്ലാദേശ് സ്വദേശികളായിരുന്നു ഇതിൽ കൂടുതലും. ഇപ്പോൾ അങ്ങനെ ഒരാൾ കൂട്ടം കാണാൻ കഴിയുന്നില്ല. പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ ഇവരിൽ പലരും രാജ്യംവിട്ടു.
ഹോട്ടൽ നടത്തിപ്പുകാരും ജീവനക്കാരുടെ ക്ഷാമം മൂലം പ്രയാസപ്പെടുകയാണ്. കുക്ക്, പൊറോട്ട മേക്കർ, ക്ലീനിങ് ജോലിക്കാർക്കാണ് ഡിമാൻഡ്. പത്ര പരസ്യങ്ങളിൽ ഹോട്ടൽ ജോലിക്കാരുടെ ഒഴിവുകളാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.