മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രദേശ പ്രകൃതിസൗന്ദര്യവും മറ്റും കാണുന്നതിന് സൗകര്യമൊരുക്കി ടൂറിസ്റ്റ് വാഹനങ്ങൾ പുറത്തിറക്കി. സഞ്ചാരികൾക്ക് ഈ വാഹനം ഉപയോഗിച്ച് അരമണിക്കൂർ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങൾ കാണാനാകും. മേഖലയിലെ ടൂറിസം രംഗത്തെ വൈവിധ്യവത്കരണത്തിെൻറ ഭാഗമായാണ് ആളുകളെ തൃപ്തിപ്പെടുത്തുന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് അൽ ഹംറ നാഷനൽ ടൂറിസം കമ്പനി (ഖിമാം) ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഗലേബ് ബിൻ അലി അൽ അബ്രി പറഞ്ഞു.
കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും വിനോദസഞ്ചാരികൾക്ക് മുൻകൂട്ടി വാഹനങ്ങൾ ബുക്ക് ചെയ്യാൻ കഴിയുന്ന ആപ്ലിക്കേഷൻ തയാറാക്കുന്നതിനെ പറ്റിയും കമ്പനി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഒാർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയിൽ അൽ ഹംറ വിലായത്തിലെ മിസ്ഫത് അൽ അബ്രിയീനെ ഉൾപ്പെടുത്തിയിരുന്നു. പ്രകൃതിസ്നേഹികളെയും മറ്റും ആകർഷിക്കുന്ന അന്തരീക്ഷമാണ് മിസ്ഫത്തിനുള്ളത്. വിദേശത്തുനിന്നും സുൽത്താനേറ്റിൽനിന്നുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വരാറുള്ളത്.
മലകയറ്റം ആസ്വദിക്കാൻ അവസരമൊരുക്കി ദിവസങ്ങൾക്ക് മുമ്പ് ഇവിെട 'ക്ലൈമ്പിങ് മതിൽ' തുറന്നിട്ടുണ്ട്. കുട്ടികൾക്കും പ്രഷനലുകൾക്കും മറ്റുമായി മൂന്ന് വ്യത്യസ്ത ട്രാക്കുകളുള്ള 'ക്ലൈമ്പിങ് മതിലാണ്' ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദഗ്ധ കമ്പനിയാണ് മതിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയും മിസ്ഫത്ത് അൽ അബ്രിയീൻ നഗരത്തിലെ ടൂർ ഗൈഡുമാരിൽ ഒരാളുമായ അബ്ദുറഹ്മാൻ അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.