മസ്കത്ത്: കോവിഡ് രോഗവ്യാപനം തടയുന്നതിനായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം പതിനഞ്ചുവരെയാണ് വിലക്ക് തുടരുക.
വൈകീട്ട് ഏഴു മുതൽ പുലർച്ച നാലുവരെ സഞ്ചാര നിയന്ത്രണവും പ്രാബല്യത്തിലുണ്ടാകും. അവശ്യവസ്തുക്കൾ വിൽകുന്ന സ്ഥാപനങ്ങൾ, അരോഗ്യ മേഖല, ഹോട്ടൽ എന്നിവക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ എന്നിവ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാം. സെൻട്രൽ ബാങ്കിെൻറ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസകരമാണ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് റമദാൻ അവസാന നാളുകളിലാണ്. അതിനാൽ സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാണ്.
രാവിലെ എട്ടു മുതൽ ഇടവേളയില്ലാതെ വൈകീട്ട് ആറര വരെ സ്ഥാപനം തുറന്നു പ്രവർത്തിക്കുമെന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി പറഞ്ഞു. ഒരു സമയം മൂന്നു ഇടപാടുകാരെ മാത്രമേ സ്ഥാപനത്തിൽ പ്രവേശിപ്പിക്കൂ. അതോടൊപ്പം തന്നെ സുരക്ഷ മുൻകരുതലുകളും ഉണ്ടാകും. നേരത്തെ വന്നാൽ തിരക്കില്ലാതെ ഇടപാട് നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം മൊബൈൽ ആപ്പ്, ഫോൺ ഇൻ റെമിറ്റൻസ് സൗകര്യവും ഇവിടെയുണ്ട്. ചെറിയ പെരുന്നാൾ, അക്ഷയത്രിദീയ എന്നിവയോട് അനുബന്ധിച്ച ഇടപാടുകാർക്ക് സ്വർണം വാങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കൊച്ചിൻ ഗോൾഡ് മാനേജർ അഖിൽ സുരേന്ദ്രനും പറഞ്ഞു. ഇതിനോടകം നിരവധിപേർ പെരുന്നാൾ, അക്ഷയത്രിദീയ ദിനത്തോടനുബന്ധിച്ച് സ്വർണം ബുക്ക് ചെയ്തു. അവർക്കുള്ള സ്വർണം അതതു ദിവസം വീട്ടിൽ എത്തിച്ചു കൊടുക്കും. അതിനുപുറമെ വാട്സ്ആപ് മുഖേന സ്വർണം ബുക്ക് ചെയ്താൽ ഓരോ ബ്രാഞ്ചിെൻറയും അമ്പതു കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി എത്തിച്ചുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പെരുന്നാൾ മുഴുവൻ ലോക്ഡൗണിൽ ആയിരുന്നതിനാൽ കച്ചവടം ഒന്നും ലഭിച്ചില്ലെന്നും ഇത്തവണ കുറച്ചൊക്കെ ലഭിച്ചെന്നും നഗരത്തിലെ തയ്യൽ തൊഴിലാളി സിദ്ദിക്ക് പറഞ്ഞു. അവസാന ദിവസങ്ങളിൽ വീണ്ടും പ്രവർത്തന വിലക്ക് വന്നെങ്കിലും ഏറ്റെടുത്ത ജോലികൾ എല്ലാം തീർത്തു കൊടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തന വിലക്ക് പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ ഓർഡറുകൾ ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.