മസ്കത്ത്: സലാല വിമാനത്താവളത്തിൽ ഇന്ധന വിലയിൽ നേരിട്ട് സബ്സിഡി നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയതോടെ സലാല-മസ്കത്ത് റൂട്ടിൽ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മസ്കത്ത് വിമാനത്താവളത്തിന് നൽകുന്നതുപോലെ സലാലക്കും എണ്ണ സബ്സിഡിയിൽ ഇളവ് നൽകാൻ സുൽത്താൻ നിർദേശിച്ചത്. നിർദേശം ഉടൻ നടപ്പാക്കുമെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. നിലവിൽ സലാം എയറിന് മസ്കത്തിൽനിന്ന് 30 റിയാലും ഒമാൻ എയറിന് 50 റിയാൽ മുതലുമാണ് നിരക്ക്.
ഇതു കാരണമാണ് പലരും ഖരീഫ് സീസണിൽ അപകടം പിടിച്ച റോഡുമാർഗം യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നത്. പ്രതികൂല കാലാവസ്ഥയിൽ ഏറെ ദുഷ്കരമാണ് റോഡുവഴിയുള്ള യാത്ര. കഴിഞ്ഞ സീസണിലടക്കം നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്.\ എയർ അറേബ്യ, ജസീറ എയർവേസ്, വിസ് എയർ തുടങ്ങിയ വിദേശ എയർലൈനുകളും സലാലയിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഇന്ധന സബ്സിഡിയിൽ ഇളവ് നൽകുന്നതോടെ ഈ കമ്പനികളും ചാർജ് കുറക്കാൻ നിർബന്ധിതരാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
ദോഫാർ ഗവർണറേറ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് വിനോദസഞ്ചാരം സുഗമമാക്കാനാണ് സുൽത്താന്റെ ഈ നിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ പറഞ്ഞു. വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം എല്ലാ വിഭാഗം യാത്രക്കാർക്കും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യും. ഖരീഫ് സീസൺ സലാല എയർപോർട്ടിന് വളരെ പ്രാധാന്യമുള്ള കാലമാണ്.
ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി സഞ്ചാരികളാണ് പച്ചപ്പ് നുകരാനും നൂൽമഴ ആസ്വദിക്കാനുമായി വിമാനമാർഗം എത്തിച്ചേരുന്നത്. ഒമാൻ എയർ, കുറഞ്ഞ നിരക്കിലുള്ള സലാം എയർ എന്നിവയും മറ്റു പ്രാദേശിക, അന്തർദേശീയ വിമാനക്കമ്പനികളും ജി.സി.സി, ഇന്ത്യ, പാകിസ്താൻ എന്നിവയുടെ തലസ്ഥാനങ്ങളിൽനിന്ന് സലാല എയർപോർട്ടിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ സർവിസുകൾ നടത്തുന്നുണ്ട്.
പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന സലാല എയർപോർട്ട്, ആഴ്ചയിൽ 75 ആഭ്യന്തര, അന്തർദേശീയ അറൈവൽ ഫ്ലൈറ്റുകളും സർവിസ് നടത്തുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തോടെ സലാല വിമാനത്താവളത്തിൽ ഗതാഗതത്തിൽ രണ്ട് ശതമാനം വർധനയാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 4,63,848 പേരാണ്.
ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലെ കണക്കാണിത്. 2021ലെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 46 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായിരിക്കുന്നത്. വിസ് എയർ, ഫ്ലൈ ദുബൈ, ഗൾഫ് എയർ, ജസീറ എയർവേസ്, കുവൈത്ത് എയർവേസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നിവയുൾപ്പെടെ ഖരീഫ് സീസണിൽ എല്ലാ ജി.സി.സി രാജ്യങ്ങളും സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവിസുകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.