മസ്കത്ത്: നൂതന ചികിത്സാസംവിധാനം ഒരുക്കുന്നതിനൊപ്പം സാധാരണക്കാർക്ക് ചികിത്സ ലഭിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് ആസ്റ്റർ അൽ റഫ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ. മസ്കത്തിലെ സാമൂഹിക പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ആസ്റ്ററിലെ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ല എന്നത് തെറ്റായ ചിന്താഗതിയാണ്. പണമില്ലാത്ത കാരണത്താൽ ആർക്കും ചികിത്സ നിഷേധിച്ചിട്ടില്ല. ചികിത്സ പൂർണമായും സൗജന്യമാക്കുകയെന്നത് അപ്രായോഗികമാണ്. അതേസമയം, കേരളത്തിൽ ഒട്ടേറെ പേർക്ക് തീർത്തും സൗജന്യമായി ചികിത്സ നടത്തിയിട്ടുണ്ട്. താങ്ങാൻ കഴിയുന്ന ചികിത്സ സംവിധാനമൊരുക്കാൻ പ്രത്യേക സംവിധാനം രൂപവത്കരിക്കും. ഇതിനായി പ്രത്യേക ഫണ്ടും സ്വരൂപിക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകർക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രിയെ സമീപിക്കാവുന്നതാണ്. സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവരുടെ പ്രത്യേകിച്ച് ബ്ലൂകോളർ ജീവനക്കാർക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിൽ പോയി ചികിത്സ നൽകാൻ പൂർണസജ്ജമായ മൊബൈൽ ആശുപത്രി തയാറാണ്. സാമൂഹിക പ്രവർത്തകർ മുൻകൈയെടുക്കുന്നപക്ഷം ആശുപത്രി അവിടെയെത്തി ചികിത്സ നൽകും. എല്ലാ ആളുകളെയും ഉൾക്കൊള്ളുകയാണ് ആസ്റ്റർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ വരുന്നത് വെല്ലുവിളിയല്ല. ആരോഗ്യപരമായ മത്സരം നല്ലതാണ്. നല്ല ചികിത്സയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഇവർ പറഞ്ഞു.
കെ.എം.സി.സി, കൈരളി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ഐ.സി.എഫ് തുടങ്ങി സംഘടനാപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ യോഗത്തിനെത്തി. ആസ്റ്റർ കേരള ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ, മെഡിക്കൽ ഡയറക്ടർ ഡോ. ആഷിഖ് സൈനു, ഡോ. ഷിനൂബ്, ഡോ. അഷന്തുകുമാർ പാണ്ഡെ എന്നിവർ സാമൂഹിക പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.