മസ്കത്ത്: വിശുദ്ധമാസം വിടപറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.
തറാവീഹ്, ഖിയമുലൈൽ എന്നിവക്കായി ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഖുവൈർ തൈമൂർ മസ്ജിദ്, ഖുറം അസ്മ മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
ഞായറാഴ്ച മിക്ക പള്ളികളും വിശ്വാസികൾക്കായി മുഴുവൻ സമയവും തുറന്നിട്ടു. പലരും പകൽ മുഴുവൻ ഖുർ ആൻ പാരായണവുമായി കഴിച്ചുകൂട്ടി. രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുൽ ലൈലും പൂർത്തിയാക്കി സുബഹി നമസ്കാരവും നിർവഹിച്ചാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.
സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രാർഥനക്കായി ആശ്രയിക്കുന്ന റൂവി മച്ചി മാർക്കറ്റ് പള്ളിയിൽ പല ഘട്ടങ്ങളായാണ് നമസ്കാരങ്ങൾ നടന്നത്. പെരുന്നാളിന്റെ ഒരുക്കങ്ങൾക്കിടെ റമദാനിലെ അവസാന ദിവസങ്ങളിലെ പുണ്യങ്ങൾ കരസ്ഥമാക്കാൻ ഓരോരുത്തരും വിട്ടുപോകരുതെന്നും ഒപ്പം ഫലസ്തീൻ അടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും പണ്ഡിതന്മാർ വിശ്വാസികളെ ഓർമിപ്പിച്ചു. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.