മസ്കത്ത്: ജി.സി.സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ ഈ വർഷത്തെ ഏഴാമത് യോഗം കഴിഞ്ഞ ദിവസം ചേർന്നു. ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ’ ആയിരുന്നു യോഗം. ജി.സി.സി ടൂറിസം തന്ത്രം, ഏകീകൃത ടൂറിസ്റ്റ് വിസ, ടൂറിസം ഗൈഡ്ബുക്ക്, വൺ സ്റ്റോപ്പ് പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ജി.സി.സി രാജ്യങ്ങളുടെ അവസരങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദി പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ അൽ ഉല നഗരത്തിൽ നടന്ന ജി.സി.സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ ആറാമത്തെ യോഗത്തിൽ അംഗീകരിച്ച നടപടികളുടെ അടിസ്ഥാനത്തിൽ ടൂറിസം മേഖല നവീകരിക്കുന്നതിൽ കൈവരിച്ച പുരോഗതി ഉദ്യോഗസ്ഥർ വിശകലനം ചെയ്തു.
അംഗരാജ്യങ്ങളിലെ വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ജി.സി.സി സെക്രട്ടേറിയറ്റിലെ സാമ്പത്തിക വികസന കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് അലി അൽ സുനൈദി പറഞ്ഞു. 2021ൽ ജി.സി.സി ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) 57.5 ശതമാനം വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ജി.സി.സി സുപ്രീം കൗൺസിൽ അതിന്റെ 43ാമത് സെഷനിൽ ജി.സി.സി ടൂറിസം സ്ട്രാറ്റജിയുടെ (2023-2030) പൊതു ചട്ടക്കൂടിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും അൽ സുനൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.