മസ്കത്ത്: വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെ ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈൻ ഫോണിൽ വിളിച്ചു. സംഭവത്തിൽ ഒമാനോട് തന്റെ രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ വിയോഗത്തിലും പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിലും അദ്ദേഹം ഇറാഖിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു. ചില സംഭവ വികാസങ്ങളെ സ്പർശിക്കുകയും പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ നിലനിർത്തുന്നതിനുള്ള എല്ലാ മാർഗങ്ങളെയും പിന്തുണക്കുന്ന ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ ഇരുവരും അടിവരയിട്ടു പറയുഞ്ഞു. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. ഒമാനോട് തന്റെ രാജ്യത്തിന്റെ ഐക്യദാർഢ്യം അറിക്കുകയാണെന്നും സിവിലിയന്മാരുടെ വിയോഗത്തിലും പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിലും അനുശോചനം രേഖപ്പെടുത്തകയാണെന്നും അദ്ദേഹം പറഞ്ഞു.
വാദി കബീറിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായ വെടിവെപ്പിൽ ബഹ്റൈൻ ശക്തമായി അപലപിച്ചു. മതപരവും ധാർമികവുമായ മൂല്യങ്ങൾക്ക് വിരുദ്ധവും ഒമാന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതുമായ ഹീനമായ ആക്രമണത്തെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കായി ഒമാൻ സ്വീകരിക്കുന്ന നടപടികളിൽ ബഹ്റൈൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെടിവെപ്പിനിരകളായവരുടെ കുടുംബാംഗങ്ങളോടും ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാദി കബീർ മസ്ജിദിനു സമീപമുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ഒമാൻ അധികാരികൾ സ്വീകരിച്ച നടപടികളെ കുവൈത്ത് പ്രശംസിച്ചു. കുവൈത്ത് എല്ലാത്തരം അക്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷ സംരക്ഷിക്കുന്നതിന് അവർ സ്വീകരിക്കുന്ന ഏത് നടപടികളിലും ഒമാനി അധികാരികൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു. ദാരുണമായ സംഭവത്തിൽ ഇരകളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വെടിവെപ്പ് സംഭവത്തിൽ സുൽത്താനേറ്റ് സ്വീകരിച്ച നടപടികളെ സൗദി അറേബ്യ പ്രശംസിച്ചു. ഒമാനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഇരകളായ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.