മസ്കത്ത്: വായു മർദത്തിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വെള്ളിയാഴ്ചവരെ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും ഇതിന്റെ ആഘാതം കൂടുതൽ ബാധിക്കുക. തെക്ക്-വടക്ക് ശർഖിയ, മസ്കത്ത്, അൽ വുസ്ത, ദാഖിലിയ, തെക്കൻ ബത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും കനത്ത കാറ്റും മഴയും അനുഭവപ്പെടുക. ശക്തമായ ഇടി മിന്നലും ഉണ്ടാകും. മണിക്കൂറിൽ 28-90 കി.മീറ്ററായിരിക്കും കാറ്റിന്റെ വേഗം.
20 മുതൽ 75 മില്ലി മീറ്റർവരെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
അതേസമയം, തിങ്കളാഴ്ചയും വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ ലഭിച്ചു. ജഅലാൻ ബനീ ബൂഅലി, അൽ ജഹ്ലഫ, മഹൂത്ത്, അൽ അവാബി, അൽഖാബിൽ, സമാഇൽ, ഇബ്ര, ദിമാ അൽ തയ്യാൻ, ഖുറിയാത്ത്, ഇബ്രയുടെ വടക്കുപടിഞ്ഞാറുള്ള ഖാഫിഫ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയും കാറ്റും കോരിച്ചൊരിഞ്ഞത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ ഗണ്യമായി കുറവ് വന്നിട്ടുണ്ട്.
രാവിലെ മുതലേ തുടങ്ങിയ മഴ ഉച്ചക്ക് ശേഷമാണ് പലയിടത്തും ശക്തിയാർജിച്ചത്. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ജഅലാൻ ബനീ ബൂഅലി വിലായത്തിലെ അൽ അശ്കറയിൽ കനത്ത മിന്നലിൽ മര ശിഖരങ്ങൾക്ക് തീ പിടിച്ചു. ആർക്കും പരിക്കില്ല. കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ വീണ്ടും ചുഴലിക്കാറ്റ് വീശി. ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ചുഴലിക്കാറ്റ് വീശുന്നത്. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു ചുഴലിക്കാറ്റെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ സ്വദേശികളും വിദേശികളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ശനിയാഴ്ച ഖാരിഹ് മേഖലയിലുണ്ടായ ചുഴലിക്കാറ്റിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റിന് അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിരവധി വളർത്തു മൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.