സുഹാർ: ശൈത്യകാല വരവറിയിച്ച് കൂടാരങ്ങൾ ഉയർന്നു. സുഹാറിലെ യെങ്കൽ റോഡിലും ഫലജിൽ നിന്ന് മുപ്പത് കിലോമീറ്റർ മാറി ബുറൈമിയിലേക്ക് പോകുന്ന വഴിയിലുമാണ് മനോഹരമായ കൂടാരങ്ങൾ ഒരുങ്ങിയിരിക്കുന്നത്. ടെന്റുകളുടെ രാത്രി കാഴ്ച അതിമനോഹരമാണ്. അലങ്കാരവെളിച്ചത്താൽ മിന്നിത്തിളങ്ങുന്ന ഇവ കിടപ്പുമുറികളും മജിലിസും ഭക്ഷണം പാകം ചെയ്യാനുള്ള ഇടവും കളിസ്ഥലവും ഒരുക്കിയാണ് പണിതിരിക്കുന്നത്.
റോഡിന് രണ്ട് വശങ്ങളിലുമായി നിരവധി ടെന്റുകളാണുള്ളത്. വിശാലമായതും ചെറുതും ആയ വ്യത്യസ്ത സൗകര്യങ്ങൾ ഒരുക്കിയാണ് ടെൻറുകളുടെ നിർമാണം. ആകർഷിക്കാൻ പേരുകൾ നൽകിയും ഒരു കുടുംബത്തിന് താമസിക്കാനുള്ളതും രണ്ടും മൂന്നും കുടുംബത്തിനുള്ളതും ലഭ്യമാണ്. മുനിസിപ്പാലിറ്റിയുടെ വകയായുള്ള സ്ഥലം ശൈത്യകാലത്തേക്ക് സ്വദേശികൾ വാടകക്ക് എടുത്താണ് ടെൻറുകൾ പണിയുന്നത്.
ടെൻറുകളുടെ നിർമാണത്തിന് നിരവധി കമ്പനികൾ ഇവിടെയുണ്ട്. രാജ്യത്ത്നിന്നും യു.എ.ഇ, ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിന്നും സന്ദർശകർ ഈ സീസണിൽ എത്തും.
ദേശീയ ദിന അവധി ദിനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അതുപോലെതന്നെ വാരാന്ത്യ അവധി ദിനങ്ങളിലും കുടുംബങ്ങൾ പല ദിക്കുകളിൽനിന്നും വന്നു തങ്ങളുടെ രാത്രി ആഘോഷങ്ങൾ കൊഴുപ്പിക്കും.
മാംസം ചുട്ടും കോഴി പൊള്ളിച്ചും ഭക്ഷണം പാകം ചെയ്തും ചെറിയ കളികളിൽ ഏർപ്പെട്ടും ടെന്റ് സജീവമാകും. വാരാന്ത്യങ്ങളിൽ 40 റിയാൽ മുതൽ മുകളിലോട്ടാണ് വാടക ഒരു ദിവസത്തെ ടെന്റുകളുടെ ഉപയോഗത്തിന്. കൂടാരത്തിലെ സൗകര്യങ്ങൾ നോക്കിയാണ് വില നിശ്ചയിക്കുന്നത്. കൂടുതൽ സൗകര്യങ്ങൾ ഉള്ള ടെന്റിന് വാടക കൂടുതലായിരിക്കും. ഒരു ആഴ്ച മുതൽ മാസത്തേക്കുവരെ ടെന്റ് വാടകക്ക് എടുത്ത് തണുപ്പ് ആസ്വദിക്കുന്ന സ്വദേശികളും ഉണ്ട്.
പ്രവൃത്തി ദിവസങ്ങളിൽ വാടക കുറവായിരിക്കും. പ്രവാസി കുടുംബങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി രാത്രി വിനോദത്തിന് ടെൻറുകളിൽ എത്താറുണ്ട്.
കൂടാതെ ഈ പ്രദേശങ്ങളിൽ ടെന്റ് ഇല്ലാത്ത ഇടങ്ങളിൽ കുടുംബങ്ങൾ കൂട്ടമായി വന്ന് തങ്ങളുടെ വാഹനങ്ങളിൽ സോളാർ ലൈറ്റ് പിടിപ്പിച്ചു പുറത്ത് പുൽപായ വിരിച്ചും കസേരകൾ കൊണ്ട് വന്നും കൂട്ടമായി ഭക്ഷണം പാകം ചെയ്തും ഹുക്ക ആസ്വദിച്ചും രാവേറെ ഇവിടെ കഴിച്ചുകൂട്ടും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കൂടാരങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. അലങ്കാരവും ആകൃതിയും കൊണ്ട് പുത്തൻ അനുഭവം ഒരുക്കുകയാണ് ഓരോ ടെൻറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.