മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ മൂന്നാംറൗണ്ടിലേക്കുള്ള നറുക്കെടുപ്പ് ക്വാലാലംപൂരിൽ നടന്നു. ഗ്രൂപ് ബിയിൽ ശക്തരായ കൊറിയ, ഇറാഖ്, ജോർഡൻ എന്നിവരോടൊപ്പമാണ് ഒമാൻ ഇടം നേടിയിരിക്കുന്നത്. കുവൈത്ത്, ഫലസ്തീൻ എന്നിവരാണ് ഗ്രൂപ്പിൽ വരുന്ന മറ്റു ടീമുകൾ. ഏഷ്യയിൽനിന്ന് ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 ടീമുകളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നത്. ഇവരെ ആറ് ടീമുകൾ വീതമുള്ള മൂന്നു ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.
ഗ്രൂപ് എയിൽ ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, കിർഗിസ്താൻ, കൊറിയ എന്നിവയാണ് വരുന്നത്. ഗ്രൂപ് സിയാണ് മരണ ഗ്രൂപ്. ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.
ഒമാന് നേരിട്ടുള്ള യോഗ്യത നേടുകയെന്നത് അൽപം പ്രയാസമുള്ള കാര്യമായിരിക്കും. കൊറിയ, ഇറാഖ്, ജോർഡൻ എന്നീ ടീമുകൾ ശക്തമായ വെല്ലുവിളിയായിരിക്കും റെഡ് വാരിയേഴ്സിന് ഉയർത്തുക. കൂടാതെ കുവൈത്തും ഫലസ്തീനും തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളുമാണ്. എന്നാൽ, അടുത്തകാലത്തായി പുതിയ കോച്ച് ജറോസ്ലാവ് സിൽഹവിക്കു കീഴിൽ മികച്ച ഫോമിലാണ് ഒമാൻ പന്ത് തട്ടുന്നതെന്നുള്ളത് സുൽത്താനേറ്റിനു പ്രതീക്ഷ നൽകുന്ന കാര്യമാണ്. മാത്രമല്ല, 2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽ നിന്നും നാൽപത്തിയെട്ടായി ഉയരുന്നതും ഒമാന് അനുകൂലമാകുന്ന ഘടകമാണെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.
ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടുമ്പോൾ മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും. ഇങ്ങനെ വരുന്ന ആറ് ടീമുകളെ നറുക്കെടുപ്പിലൂടെ മൂന്നു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പായി മാറ്റും. ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ ലോകകപ്പിനു യോഗ്യത നേടും. ഇങ്ങനെ എട്ട് ടീമുകൾക്കാണ് ഏഷ്യയിൽനിന്നും ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക.
എന്നാൽ ഒമ്പതാമത് ഒരു ടീമിനുകൂടി സാധ്യതയുണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തും വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബാളിൽ പന്ത് തട്ടുകയെന്നുള്ള സുൽത്താനേറ്റിന്റെ ചിരകാലാഭിലാഷം ഇപ്രാവശ്യം പൂവണിയാൻ സാധ്യത ഏറെയാണെന്നാണ് ആരാധകർ കരുതുന്നത്.
സെപ്റ്റംബർ മുതൽ 2025 നവംബർ വരെയാണ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടക്കുക. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മുന്നോടിയായി വിദേശ ക്യാമ്പിനായി ഒരുങ്ങുകയാണ് ഒമാൻ. അടുത്ത മാസം മൂന്ന് മുതൽ ഏഴുവരെ സ്പെയിനിലായിരിക്കും ക്യാമ്പ്. പരിശീലന ക്യാമ്പിനുള്ള 29 അംഗ സ്ക്വാഡിനെ കഴിഞ്ഞദിവസം കോച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലനത്തിനായി ഒമാൻ അടുത്ത ദിവസങ്ങളിൽ തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.