മസ്കത്ത്: ലോക സ്മാർട്ട് സിറ്റി സൂചികയിൽ മികച്ച മുന്നേറ്റം നടത്തി ഒമാൻ തലസ്ഥാന നഗരമായ മസ്കത്ത്. സിംഗപ്പൂർ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനുമായി സഹകരിച്ച് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് തയാറാക്കിയ ലോകത്തിലെ സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ മുൻ വർഷത്തെ 96ൽ നിന്ന് എട്ട് പോയിന്റ് ഉയർത്തി 88ലേക്കാണ് നഗരം മുന്നേറിയത്.
ഭരണം, ഡിജിറ്റൽ സേവനങ്ങൾ, മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരങ്ങൾ, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്മാർട്ട് സിറ്റി സൂചിക തീരുമാനിക്കുന്നത്.
നഗരങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളും ജനങ്ങളുടെ ജീവിത നിലവാരവുമാണ് സൂചികയിൽ പ്രധാനമായും കണക്കിലെടുത്തത്. ജി.സി.സി രാജ്യങ്ങളും റാങ്കിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. റിയാദ് 31ൽ നിന്ന് 25ാം സ്ഥാനത്തേക്കും ദോഹ 54ൽ നിന്ന് 48ലേക്കും ദുബൈ 14ൽ നിന്ന് 12ാം സ്ഥാനത്തേക്കും അബൂദബി 13ൽ നിന്ന് 10ാം സ്ഥാനത്തേക്കും ഉയർന്നു.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്വിറ്റ്സർലൻഡിലെ സൂറിച്ചാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2019 മുതൽ സൂറിച്ചാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയിലെ കാൻബെറയും സിംഗപ്പൂരും ഒഴികെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്മാർട്ട് സിറ്റികളും യൂറോപ്പിലാണ്. ലോകത്തിലെ ഇന്ത്യൻ സ്മാർട്ട് സിറ്റിയുടെ പട്ടികയിൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം.
ദുബൈക്ക് പുറമെ സൂറിച്ച്, ഓസ്ലോ, കാൻബെറ, ജനീവ, സിംഗപ്പൂർ, കോപൻഹേഗൻ, ലൊസാനെ, ലണ്ടൻ, ഹെൽസിങ്കി എന്നിവയാണ് ആദ്യ പത്തിൽ വരുന്ന മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.