‘ഇസ്‍ലാം-ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിൻ സി.ഐ.സി കേന്ദ്ര പ്രസിഡന്റ് ടി.കെ. ഖാസിം ഉദ്ഘാടനം ചെയ്യുന്നു

‘ഇസ്‍ലാം-ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിന് ഉജ്ജ്വല തുടക്കം

ദോഹ: ‘ഇസ്‍ലാം-ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ’ എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി- സി.ഐ.സി ഖത്തർ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന കാമ്പയിന് ഉജ്ജ്വല തുടക്കം. മൻസൂറ സി.ഐ.സി ആസ്ഥാനത്ത് നടന്ന മദീന ഖലീഫ സോൺ പ്രഖ്യാപന സമ്മേളനത്തിൽ സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം കാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ലോകത്ത് കടുത്ത ആക്രമണങ്ങൾക്ക് വിധേയമാക്കപ്പെടുന്ന ഇസ്‍ലാമിക ദർശനത്തെയും വ്യവസ്ഥയെയും വസ്തുനിഷ്ഠമായി ഖത്തറിലെ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ചിന്തയെയും യുക്തിവിചാരങ്ങളെയും അംഗീകരിക്കുന്ന ദർശനമാണ് ഇസ്‍ലാം. എന്നാൽ, അത് മനുഷ്യരാശിയുടെ നാശത്തിന് കാരണമാകരുതെന്നും സാമൂഹിക അരാജകത്വത്തിന് നിമിത്തമാകരുതെന്നും ഇസ്‍ലാമിന് നിർബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രപഞ്ചനാഥൻ പഠിപ്പിച്ച ജീവിതവ്യവസ്ഥയെ വരെ ചോദ്യം ചെയ്യാൻ ഇസ്‍ലാമിക സാമൂഹിക ക്രമത്തിൽ സ്വാതന്ത്ര്യമുണ്ടെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ പറഞ്ഞു. ആഗോള തലത്തിൽ സാമ്രാജ്യത്വവും ഇന്ത്യയിൽ ഫാഷിസവും കേരളത്തിൽ കമ്യൂണിസ്റ്റുകളും ഇസ്‍ലാമിനെ നാട്ടക്കുറിയായി നിശ്ചയിച്ച സാഹചര്യത്തിലാണ് സി.ഐ.സി ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ചൂഷണാത്മക ലോകത്ത് ഇസ്‍ലാം വെല്ലുവിളി ഉയർത്തുന്നു എന്നതാണ് ഇസ്‍ലാം വിരുദ്ധ പ്രചാരണത്തിന്റെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക ജീവിതത്തിലെ ഇസ്‍ലാം വിമർശനങ്ങൾ മുഴുവനും അബദ്ധങ്ങൾ നിറഞ്ഞതാണെന്നും ലിബറലുകളും യുക്തിവാദികളും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ അപക്വവും അപ്രായോഗികവുമാണെന്നും വിമൻ ഇന്ത്യ പ്രതിനിധി സമീഹ അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു.

ലിബറൽ കാലത്തെ മുസ്‍ലിം തലമുറകൾ നേരിടുന്ന പുതിയ വെല്ലുവിളികൾ ഇസ്‍ലാമികമായ ഉൾക്കാഴ്ചയോടെയും മതത്തിന്റെ കാലാനുഗുണമായ സാമൂഹിക വഴക്കങ്ങൾ സ്വാംശീകരിച്ചുകൊണ്ടും നേരിടണമെന്ന് ഗേൾസ് ഇന്ത്യ പ്രതിനിധി സൈനബ് സുബൈർ മലോൽ പറഞ്ഞു. പരിപാടിയിൽ സോണൽ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മൈസ ഖിറാഅത്ത്‌ നടത്തി. വൈസ് പ്രസിഡന്റ്‌ നഈം അഹ്‌മദ്‌ സ്വാഗതവും സെക്രട്ടറി യൂസുഫ് പുലാപ്പറ്റ നന്ദിയും പറഞ്ഞു. അഫ്രീൻ അബ്ദുൽ ഖാദറിന്റെ ഗാനവും മലർവാടി ബാലസംഘത്തിന്റെ ഒപ്പനയും അരങ്ങേറി.

Tags:    
News Summary - CIS Qatar Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.