ദോഹ: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ദുഹൈലിലെ യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 13 ജില്ലകളെ പ്രതികരിച്ച് ടീമുകൾ കളത്തിലിറങ്ങുന്ന കമ്യൂണിറ്റി സ്പോർട്സ് മീറ്റിൽ 600ലധികം കായികതാരങ്ങൾ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായികനേട്ടങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും.
ഖത്തറിലെ കായിക സാംസ്കാരിക രംഗത്തെ സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 100, 200, 800,1500 മീറ്റര്‍ ഓട്ടം, 4x100 മീറ്റർ റിലേ, ലോങ് ജംപ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടംവലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ മൂന്ന് കാറ്റഗറികളിലായാണ് മത്സരം. 13 ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസർകോട്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശൂര്‍ യൂത്ത് ക്ലബ്, കൊച്ചിന് ടസ്കേഴ്സ്, കോട്ടയം ബ്ലാസ്റ്റേഴ്സ്, ആലപ്പി ഫൈറ്റേഴ്സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ കരുത്തരായ ടീമുകളാണ് കമ്യൂണിറ്റി സ്പോർട്സിൽ പങ്കെടുക്കുന്നത്. ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും.
വാർത്തസമ്മേളനത്തിൽ എക്സ്പാറ്റ് സ്പോർട്ടിവ് സംഘാടകസമിതി ചെയർമാൻ ഡോ. താജ് ആലുവ, ഓട്ടോ ഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം, കൊക്കൂൺ കൊമേഴ്സ്യൽ മാനേജർ അമീൻ അബ്ദുറഹ്മാൻ, ജനറൽ കൺവീനർ അഹമ്മദ് ഷാഫി, ഷരീഫ് ചിറക്കൽ, റബീഅ് സമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.