നാഷനൽ കമാൻഡ് സെൻറർ (എൻ.സി.സി) ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ചപ്പോൾ 

കോവിഡ് പ്രതിരോധം: നാഷനൽ കമാൻഡ് സെൻററിന് ആരോഗ്യ മന്ത്രിയുടെ പ്രശംസ

ദോഹ: കോവിഡ്-19 പ്രതിരോധ മേഖലയിൽ മികച്ച പങ്കുവഹിച്ച നാഷനൽ കമാൻഡ് സെൻററിന് പൊതുജനാരോഗ്യ മന്ത്രിയും ദേശീയ കോവിഡ്-19 സമിതി മേധാവിയുമായ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ പ്രശംസ. നാഷനൽ കമാൻഡ് സെൻറർ (എൻ.സി.സി) സന്ദർശനത്തിനിടയിലാണ് മന്ത്രി സെൻററി​െൻറ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. സെൻററിലെത്തിയ മന്ത്രി മുതിർന്ന ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കോവിഡ്-19 പ്രതിരോധ മേഖലയിലും രോഗവ്യാപനം തടയുന്നതിലും മികച്ച പങ്കുവഹിച്ച ഓരോ സമിതി മേധാവികളുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി ഡോ. ഹനാൻ അൽകുവാരി, കോവിഡ്-19നെ നിയന്ത്രിക്കുന്നതിൽ നാഷനൽ കമാൻഡ് സെൻററി‍െൻറ പ്രവർത്തനം നിർണായകമായിരുന്നുവെന്നും ശ്ലാഘനീയമായിരുന്നുവെന്നും വ്യക്തമാക്കി.

ദേശീയ ദുരന്ത നിവാരണ ഉന്നതാധികാര സമിതി, ദേശീയ കോവിഡ്-19 സമിതി, മറ്റു മന്ത്രാലയങ്ങൾ, ഉപസമിതികൾ എന്നിവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നതിലും കേന്ദ്രം വലിയ പിന്തുണയാണ് നൽകിയത്. രാജ്യത്തി‍െൻറ എല്ലാ ഭാഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രം, തങ്ങളുടെ റഫറൻസ്​ സെൻററായും ഇൻഫർമേഷൻ ഹബ്ബായും പ്രവർത്തിച്ചു-ഡോ. അൽ കുവാരി വിശദീകരിച്ചു.

നാഷനൽ കമാൻഡ് സെൻററി‍െൻറ നേതൃത്വം വഹിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച മന്ത്രാലയങ്ങളോടും സമിതികളോടും സ്​ഥാപനങ്ങളോടും ഈ സന്ദർഭത്തിൽ പ്രത്യേക കടപ്പാട് അറിയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.കോവിഡ്-19 മഹാമാരിക്കാലത്ത് സമൂഹത്തി‍െൻറ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മുഴുവൻ സർക്കാർ ഏജൻസികളുമായും ചേർന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിൽ നാഷനൽ കമാൻഡ് സെൻറർ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.