ദോഹ: ദിവസങ്ങൾ നീണ്ട ആഘോഷകാലത്തിന് കൊടിയിറങ്ങി വിശ്വാസികൾ റമദാനിന്റെ വിശുദ്ധിയിലേക്ക്. ലോകകപ്പിനുശേഷം ഖത്തറിൽ ഉത്സവപ്രതീതി വീണ്ടുമെത്തിയ ദിവസങ്ങളായിരുന്നു ഫെബ്രുവരി-മാർച്ച് മാസങ്ങൾ. വിവിധ അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും ഉത്സവങ്ങൾക്കുമാണ് കഴിഞ്ഞ ദിനങ്ങളിൽ രാജ്യം സാക്ഷിയായത്.
ഖത്തർ മ്യൂസിയംസ്, ഖത്തർ ടൂറിസം, നഗരസഭ മന്ത്രാലയം എന്നിവ സംഘാടകരായ വിവിധ പരിപാടികൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങിയവക്ക് മാർച്ച് ആദ്യവാരം മുതൽ രാജ്യം വേദിയായിരുന്നു.
മാർച്ച് 11ന് ആരംഭിച്ച ഇന്റർനാഷനൽ ഭക്ഷ്യമേളക്ക് ചൊവ്വാഴ്ച സമാപനമാകുന്നതോടെ റമദാനിനു മുന്നോടിയായുള്ള രാജ്യത്തെ വൈവിധ്യമാർന്ന പരിപാടികളും അവസാനിക്കുകയായി. ലുസൈൽ ബൊളെവാഡിലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പതിനായിരത്തോളം സന്ദർശകരെ വരവേറ്റ അന്താരാഷ്ട്ര ഭക്ഷ്യമേള അരങ്ങേറിയത്. വിവിധ രാജ്യങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുകയും സ്റ്റാളുകൾ വഴി സ്ട്രീറ്റ് ഫുഡ് വിൽപന നടക്കുകയുംചെയ്ത അന്താരാഷ്ട്ര ഭക്ഷ്യമേളയിലേക്ക് സന്ദർശകരും ഒഴുകിയെത്തി. ലൈവ് കുക്കിങ്, വിനോദ പരിപാടികൾ, രാത്രികാലങ്ങളിലെ വെടിക്കെട്ട്, ലൈറ്റ് ഷോ തുടങ്ങി വിവിധ പരിപാടികളോടെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലുസൈലിൽ ഫുഡ്ഫെസ്റ്റിവൽ അരങ്ങേറിയത്.
കഴിഞ്ഞയാഴ്ചയായിരുന്നു മൂന്നു ദിവസത്തെ അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിന് ദോഹ വേദിയായത്. ഖത്തർ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് സമീപമായിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷനൽ കൈറ്റ് റൈഡേഴ്സ് പങ്കെടുത്ത പട്ടം പറത്തൽ നടന്നത്.
നഗരസഭാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്ര കാർഷിക പ്രദർശനം ‘അഗ്രിടെക്’കഴിഞ്ഞ ദിവസം സമാപിച്ചു. അഞ്ചുദിവസം നീണ്ടുനിന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 35,000ത്തോളം സന്ദർശകർ എത്തിയതായി നഗരസഭ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുടെ കാർഷിക, ഭക്ഷ്യ സ്റ്റാളുകൾക്കൊപ്പം കാർഷിക മേഖലയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പിന്തുണയും ഊർജവും നൽകുന്നതായിരുന്നു അഗ്രിടെക്.
ഷോപ്പ് ഖത്തർ ഷോപ്പിങ് ഫെസ്റ്റിവൽ, മിയ ബസാർ, സർക്കസ് 1903 തുടങ്ങിയ സാംസ്കാരിക പരിപാടികൾക്ക് കഴിഞ്ഞ ശനിയാഴ്ച സമാപനമായിരുന്നു. രാജ്യത്തെ വലിയ ഷോപ്പിങ് ഫെസ്റ്റിവലായ ഖത്തർ ടൂറിസത്തിന്റെ ‘ഷോപ് ഖത്തർ’നറുക്കെടുപ്പും പൂർത്തിയായി. ഖത്തർ ക്രിയേറ്റ്സിനു കീഴിൽ ആരംഭിച്ച വിവിധ പ്രദർശന പരിപാടികൾ റമദാൻ വേളയിലും തുടരും. മിശൈരിബ് എം സെവനിൽ ആരംഭിച്ച തസ്വീർ ഫോട്ടോ പ്രദർശനം മേയ് 20 വരെ നീണ്ടുനിൽക്കുന്നതാണ്. ‘എ ചാൻസ് ടു ബ്രീത്’, ദോഹ ഫാഷൻ ഫ്രൈഡേ എന്നീ പേരുകളിലാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.