ദോഹ: ഇറാഖിലെ ബസറയിൽ നടക്കുന്ന 25ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ഗ്രൂപ് ബിയിൽ ഖത്തർ ഇന്ന് കുവൈത്തിനെ നേരിടും. അൽമിന സ്റ്റേഡിയത്തിൽ കുവൈത്തിനെതിരായ പോരാട്ടത്തിലാണ് ശ്രദ്ധയെന്നും വലിയ അഭിലാഷങ്ങളാണ് തങ്ങൾക്കുള്ളതെന്നും മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ പരിശീലകൻ ബ്രൂണോ മിഗ്വേൽ പിനീറോ പറഞ്ഞു. ദീർഘകാലമായി ഖത്തറിനൊപ്പമുണ്ടായിരുന്ന മുൻ പരിശീലകൻ ഫെലിക്സ് സാഞ്ചസ് പടിയിറങ്ങിയതിന് പിന്നാലെ താൽക്കാലിക പരിശീലകനായി നിയമിതനായ പിനീറോക്കു കീഴിലാണ് ഖത്തർ ഇറാഖിൽ കളിക്കാനിറങ്ങുന്നത്.
‘ആഗ്രഹിച്ച ഫലങ്ങൾ നേടാനും ടൂർണമെൻറിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമാകും ഞങ്ങൾ ശ്രമിക്കുക. ഓരോ പോരാട്ടങ്ങളെയും വ്യത്യസ്തമായാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത്. കുവൈത്തിനെതിരായ ടൂർണമെൻറിലെ ആദ്യ മത്സരത്തിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ. വലിയ ആഗ്രഹങ്ങളാണ് ഉള്ളതെന്നും ടൂർണമെൻറ് വിജയമാണ് പരമ ലക്ഷ്യമെന്നും പിനീറോ വ്യക്തമാക്കി. ഗ്രൂപ് ബിയിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവർക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം.
ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറും അറേബ്യൻ ഗൾഫ് കപ്പും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും രണ്ടും തികച്ചും വ്യത്യസ്തമാണെന്നും പിനീറോ ചൂണ്ടിക്കാട്ടി. ലോകകപ്പ് സ്ക്വാഡിൽനിന്നും വ്യത്യസ്തമായി നിരവധി യുവതാരങ്ങളുടെ സാന്നിധ്യമുള്ള സംഘവുമായാണ് ഖത്തർ അറേബ്യൻ ഗൾഫ് കപ്പിനെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ടീമിന്റെ ഭാവിക്കായി ഈ താരങ്ങൾക്ക് വൈദഗ്ധ്യവും അനുഭവസമ്പത്തും നൽകാൻ മാനേജ്മെൻറ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, മത്സരങ്ങൾ വിജയിക്കാൻ ശ്രമിക്കുന്നില്ല എന്നർഥം ഇതിനില്ല. താരങ്ങളിലും അവർ മുന്നോട്ടുവെച്ച മത്സരക്ഷമതയിലും ടെക്നിക്കൽ സ്റ്റാഫ് വിശ്വസിക്കുന്നതിനാൽ ജയിക്കാനായി തന്നെയാവും കളത്തിലെത്തുക.
പരിശീലകർക്ക് എപ്പോഴും സമയം തികയാറില്ല. താരങ്ങളുമായി ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ച കാലയളവ് വളരെ കുറവാണ്. ഈ ടൂർണമെൻറിൽ കോച്ചിങ് സ്റ്റാഫ് അവലംബിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക കേളീതന്ത്രത്തെക്കുറിച്ച് വിശദമാക്കുന്നില്ല. കളിക്കാർ ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്- പിനീറോ പറഞ്ഞു. ജനുവരി 10ന് നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെതിരെയാണ് ഖത്തറിന്റെ രണ്ടാം മത്സരം. മൂന്ന് തവണ കിരീടം നേടിയ ഖത്തറിന്റെ ഗ്രൂപ്പിലെ അവസാന അങ്കം യു.എ.ഇക്കെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.