ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഹൃദ്രോഗ ആശുപത്രിയിൽ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സർജിക്കൽ റോബോട്ടുകളുടെ ഇൻകോണറി ആർട്ടറി ബൈപാസിങ് ഗ്രാഫ്റ്റിങ് (റോബോട്ടിക് സി.എ.ബി.ജി) ശസ്ത്രക്രിയകളുടെ ഉപയോഗം വിപുലീകരിച്ചതിന് പിറകെയാണിത്. ബൈപാസ് ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ ആവശ്യമായ രോഗിയിൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചികിത്സ പൂർത്തിയാക്കുന്നത്. ഹൃദയപേശികളിലേക്കുള്ള സ്വാഭാവിക രക്തയോട്ടം വർധിപ്പിക്കാനും പരമ്പരാഗത രീതികൾക്ക് പകരം കൂടുതൽ മികവോടെ ചികിത്സ നൽകാനും റോബോട്ടിക് സഹായത്തോടെയുള്ള കൊറോണറി ബൈപാസ് ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ അവസരമൊരുക്കുന്നു. രോഗി വേഗത്തിൽ സുഖം പ്രാപിക്കാനും ചികിത്സയിലും ശേഷവുമുള്ള സങ്കീർണ സാഹചര്യങ്ങൾ കുറക്കാനും സഹായിക്കും.
ഹൃദ്രോഗ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടത്തുന്നത്.
കൺസൾട്ടന്റ് കാർഡിയോ തൊറാസിക് സർജന്മാരായ ഡോ. അലി കിന്ദാവി, ഡോ. മുഹമ്മദ് ലത്തീഫ് വാനി, സ്‌പെഷലിസ്റ്റ് കാർഡിയോ തൊറാസിക് സർജൻ ഡോ. മുഹമ്മദ് അൽ കഹ്‍ലൂട്ട് എന്നിവരും സംഘത്തിലുൾപ്പെടുന്നു.
പരമ്പരാഗത സ്റ്റെർനോട്ടോമിക്ക് പകരമായി നെഞ്ചിന്റെ ഇടതുവശത്തായി ആറ് സെന്റിമീറ്ററിൽ കൂടാത്ത ചെറിയ മുറിവിലൂടെയാണ് റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതെന്ന് ഡോ. മുഹമ്മദ് അൽ കഹ്‍ലൂട്ട് പറഞ്ഞു. ഹൃദയം തുറന്നുവെച്ച ശസ്ത്രക്രിയകൾക്ക് പകരമായി റോബോട്ടിക് ശസ്ത്രക്രിയകളിലൂടെ രോഗമുക്തി സമയവും ആശുപത്രി വാസവും ഏകദേശം മൂന്നിലൊന്നായി കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2024ൽ ഒന്നിലധികം ബൈപാസ് ശസ്ത്രക്രിയകൾ ഉൾപ്പെടെ പത്തിലധികം ഹൃദയ ശസ്ത്രക്രിയ കേസുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും ഈ വർഷം 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. കഹ്‍ലൂട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.