ദോഹ: ‘പരിശീലനം കഴിഞ്ഞാൽ അവരെല്ലാം ഗസ്സയിൽ നിന്നുള്ള വാർത്തകൾ അറിയാനുള്ള ധിറുതിയിലാവും. താമസസ്ഥലത്തേക്കുള്ള ബസ് യാത്രയിലും ഹോട്ടൽ മുറിയിലും ഭക്ഷണശാലയിലുമെല്ലാം അവർക്ക് ഒന്നേ അറിയേണ്ടതുള്ളൂ. ഗസ്സയിൽ തങ്ങളുടെ പ്രിയപ്പെട്ടവരിൽ ആരെല്ലാം ജീവനോടെ ബാക്കിയുണ്ട്.. ആരെല്ലാം രക്തസാക്ഷികളായി..
ടീമംഗങ്ങളിൽ പലരുടെയും ബന്ധുക്കൾ രക്തസാക്ഷികളായവരുടെ പട്ടികയിലുണ്ട്. മുന്നേറ്റ നിരയിലെ താരമായ മഹ്മൂദ് വാദിയുടെയും പ്രതിരോധ നിരക്കാരൻ മുഹമ്മദ് സാലിഹിന്റെയുമെല്ലാം ബന്ധുക്കൾ കഴിഞ്ഞ നാളുകളിൽ ജീവൻനഷ്ടപ്പെട്ടവരാണ്. പലരുടെയും വീടുകൾ ഇസ്രായേൽ സേനയുടെ ബോംബാക്രമണത്തിൽ തകർന്നു. കുടുംബങ്ങൾ അതിർത്തികളിലേക്ക് പലായനം ചെയ്തു. അവർ, അഭയാർഥി ക്യാമ്പുകളിൽ താമസമാക്കുന്നു. അവരുടെ ഓരോ ദിവസത്തെയും അവസ്ഥയെ കുറിച്ചാണ് കളിക്കാർ അന്വേഷിക്കുന്നത്....’ - ഒരാഴ്ചക്കപ്പുറം ഏഷ്യൻ കപ്പ് പോരാട്ടത്തിനിറങ്ങുന്ന ഫലസ്തീൻ ടീമിന്റെ അവസ്ഥയെ കുറിച്ച് കോച്ച് മക്രം ദബൂബ് പറയുകയാണ്. തുനീഷ്യക്കാരനായ മക്രം ഇന്ന് ഫലസ്തീൻ ടീമിന്റെ പരിശീലകൻ മാത്രമല്ല, കളിക്കാർക്ക് കരുതലാവുന്ന രക്ഷിതാവും, ദുർഘട നിമിഷത്തിൽ മാനസിക പിന്തുണ നൽകേണ്ട മനശ്ശാസ്ത്ര കൗൺസിലറുമാണ്.
കഴിഞ്ഞ ജൂണിലായിരുന്നു വൻകരയിലെ മികച്ച ടീമുകളിൽ ഒന്നായി ഫലസ്തീൻ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. അന്ന്, ആ നാടൊന്നാകെ തെരുവിലിറങ്ങി ആഘോഷിച്ചു. ഒന്നുമില്ലായ്മയിലും ഫുട്ബാൾ കളിച്ച് മികവ് തെളിയിച്ചതിനുള്ള അംഗീകാരമായിരുന്നു തുടർച്ചയായി മൂന്നാം തവണയും തേടിയെത്തിയ ഏഷ്യൻ കപ്പ് യോഗ്യത. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ പരിശീലനക്യാമ്പും സൗഹൃദ മത്സരവും കളിച്ച് ടൂർണമെൻറിനായി തയാറെടുക്കുന്നതിനിടെ ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം കളിക്കാരെ ആകെ സംഘർഷത്തിലാക്കി. സ്വന്തം മണ്ണിൽ സഹോദരങ്ങൾ മരിച്ചു വീഴുമ്പോൾ ഞങ്ങളുടെ ഡ്രസ്സിങ് റൂം മരണവീടുപോലെയാണ്. അവരെ, വീണ്ടും വീണ്ടും പ്രചോദിപ്പിക്കുകയെന്നതാണ് എനിക്ക് മുന്നിലെ വലിയ വെല്ലുവിളി -സൗദിയിൽ ടീമിന്റെ പരിശീലന ക്യാമ്പ് സമാപിച്ച് ദോഹയിലേക്ക് പറക്കാൻ ഒരുങ്ങവെ അഭിമുഖത്തിൽ കോച്ച് പറയുന്നു. മത്സരങ്ങൾ മുടങ്ങുകയും നാട്ടിൽനിന്ന് മോശം വാർത്തകളെത്തുകയും ചെയ്തതോടെ കളിക്കാർ ശാരീരികവും സാങ്കേതികവും ടാക്ടിക്കലുമായി പ്രതിസന്ധിയിലാവുന്നു. ഒപ്പം, മാനസിക പ്രശ്നങ്ങളും ചെറുതല്ല -യുദ്ധമുഖത്തുനിന്നെത്തിയ ടീമിനെ ടൂർണമെൻറിൽ സജ്ജമാക്കുന്നതിന്റെ ദുർഘടസാഹചര്യം അദ്ദേഹം വിശദീകരിക്കുന്നു.
സ്വന്തം മണ്ണിൽ സഹോദരങ്ങൾ ചെറുത്തു നിൽക്കുമ്പോൾ രാജ്യത്തിന്റെ ആത്മാഭിമാനവും പോരാട്ടവീര്യവും അന്താരാഷ്ട്ര വേദിയിൽ പ്രകടിപ്പിക്കാനുള്ള അവസരമാക്കാൻ ഒരുങ്ങുകയാണ് ഫലസ്തീന്റെ ഫുട്ബാൾസംഘം. ജയിക്കാൻ മാത്രമല്ല വിമാനം കയറി ദോഹയിലിറങ്ങുന്നതെന്ന് അവർ ഓർമപ്പെടുത്തുന്നു. ലോകം ശ്രദ്ധിക്കുന്ന കാൽപന്തുമേളയിൽ ചതുർവർണങ്ങളിലെ തങ്ങളുടെ ദേശീയ പതാക വീശി നിസ്സഹായരായ കാഴ്ചക്കാരായി നിൽക്കുന്ന ലോകത്തോട് അവർ കണക്കു ചോദിക്കാനുള്ള പോരാട്ടം കൂടിയാണ് ടീമിന്. ഗ്രൂപ് ‘സി’യിൽ ഇറാൻ, യു.എ.ഇ, ഹോങ്കോങ് ടീമുകളാണ് ഫലസ്തീന്റെ എതിരാളികൾ. ജനുവരി 14ന് ഇറാനെതിരെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. അൽജീരിയയിലും സൗദിയിലുമായി മാസം നീണ്ട പരിശീലന ക്യാമ്പും പൂർത്തിയാക്കിയാണ് ഫലസ്തീൻ ദോഹയിലെത്തുന്നത്. ഏഴിന് ഉസ്ബകിസ്താനും, ഒമ്പതിന് സൗദിക്കുമെതിരെ ടീമിന് സൗഹൃദ മത്സരമുണ്ട്.
കളിമുറ്റങ്ങളും അവർ ബാക്കിയാക്കുന്നില്ല
ജനങ്ങളെ കൊന്നൊടുക്കിയും താമസകേന്ദ്രങ്ങളും ആശുപത്രികളും ആക്രമിച്ചും ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ കായികവേദികളെയും വെറുതെ വിടുന്നില്ല. ഇതിനെതിരെ അന്താരാഷ്ട്ര സ്പോർട്സ് ഫെഡറേഷനുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മേഖലയിലെ പ്രധാന വേദികളിലൊന്നായ ഗസ്സയിലെ യർമൂഖ് സ്റ്റേഡിയം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, എ.എഫ്സി എന്നിവർക്ക് പി.എഫ്.എ പരാതി നൽകി. 1939ൽ സ്ഥാപിച്ച മേഖലയിലെ പുരാതന സ്റ്റേഡിയമായ യർമൂഖ് ഇപ്പോൾ ഇസ്രായേൽ സൈന്യം താല്‍ക്കാലിക ജയിലായി ഉപയോഗിക്കുകയാണ്.
രാജ്യത്തെ എല്ലാ കായിക സംവിധാനങ്ങള്‍ക്കും ഇസ്രായേലില്‍നിന്നും സംരക്ഷണം വേണമെന്ന് ഫലസ്തീന് ഫുട്ബാള്‍ ഭരണസമിതി ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേലിനെ അന്താരാഷ്ട്ര കായികവേദികളിൽനിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ജോർഡൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്തെത്തി. യുദ്ധത്തിൽ ഫുട്ബാൾ കളിക്കാരും അത്ലറ്റുകളും ഉൾപ്പെടെ ആയിരത്തോളം കായികതാരങ്ങളായ യുവാക്കൾ കൊല്ലപ്പെട്ടതായി പി.എഫ്.എഫ് പ്രസിഡൻറ ജിബ്രിൽ റജബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.