ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: സ്കൂളുകൾക്കും സർക്കാർ-പൊതു മേഖലകളിലും പെരുന്നാൾ അവധി തുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്കുമേറി. വ്യാഴാഴ്ച പ്രവൃത്തി ദിനം കഴിഞ്ഞതിനു പിന്നാലെ തന്നെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതോടെ യാത്രക്കാർക്ക് നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.
തിരക്ക് പരിഗണിച്ച് യാത്രക്കാർ നേരത്തേ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും, കുടുംബങ്ങളുമെല്ലാം പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുമ്പോൾ, സ്വദേശികൾ വിവിധ യൂറോപ്യൻ-ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്.
യാത്രക്കാർക്ക് ഓൺലൈൻ ചെക്ക് ഇൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പായി വിമാനത്താവളത്തിലെത്തണം. ഖത്തർ എയർവേസ് യാത്രക്കാർക്ക് നാല് മുതൽ 12 മണിക്കൂർ മുമ്പായി ചെക്ക് ഇൻ ചെയ്യാം. ഈ സൗകര്യം ഏപ്രിൽ അഞ്ചു വരെ തുടരും. നേരത്തേ ചെക്ക് ഇൻ ചെയ്യുന്ന ഖത്തർ എയർവേസ് യാത്രികർക്ക് ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ 10 ശതമാനം ഡിസ്കൗണ്ടും അനുവദിച്ചു.
18 വയസ്സിന് മുകളിലുള്ള സ്വദേശികൾ, താമസക്കാർ എന്നീ യാത്രക്കാർക്ക് ഇ-ഗേറ്റ് ഉപയോഗിച്ച് വേഗത്തിൽ നടപടി പൂർത്തിയാക്കാം. യാത്ര പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുമ്പ് ചെക്ക് ഇൻ അവസാനിക്കും. പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റുകൾ അടക്കും.
ലഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ലഗേജുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രക്കാർക്കായി ഡിപ്പാർച്ചർ ഹാളിൽ ലഗേജിന്റെ ഭാരം നോക്കുന്നതിനും ബാഗേജ് റീപാക്കിനുമുള്ള സൗകര്യമുണ്ട്.
അവധിക്കാലമായതിനാൽ വളർത്തുമൃഗങ്ങളുമായുള്ള യാത്ര പരമാവധി ഒഴിവാക്കുക. സുരക്ഷാ പരിശോധനയിൽ ദ്രാവകങ്ങൾ, എയറോസോൾ, ജെൽ തുടങ്ങിയ നിരോധിത വസ്തുക്കൾ കൈവശംവെക്കുന്നില്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.
വിമാനത്താവളത്തിൽനിന്നുള്ള നിർദേശങ്ങൾക്കായി എച്ച്.ഐ.എ ഖത്തർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ൈഫ്ലറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോർഡിങ് ഗേറ്റുകളിലേക്കുള്ള ദിശ, ഭക്ഷണം, ഡ്യൂട്ടി ഫ്രീ ഓഫറുകൾ എന്നിവ അറിയാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.