‘കവാദിർ’ പോർട്ടൽ തൊഴിൽമന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റു ഉദ്​ഘാടനം ചെയ്യുന്നു

സ്വദേശിവത്​കരണം : 4800 തൊഴിലവസരങ്ങളുമായി 'കവാദിർ' പോർട്ടൽ

ദോഹ: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ ലക്ഷ്യമിട്ട്​ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം 'കവാദിർ' ഒാൺലൈൻ പോർട്ടൽ പ്രവർത്തനമാരംഭിച്ചു.തൊഴിൽ തേടുന്ന സ്വദേശികൾക്ക് യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ച്​ തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കവാദിറിലൂടെ സജ്ജമായത്. നിലവിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 4800 ജോലികളാണ് സ്വദേശികളെ കാത്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഗസ്​റ്റ് 24 മുതൽ തൊഴിൽ തേടാൻ കവാദിർ ഒാൺലൈൻ പോർട്ടലിൽ സ്വദേശികൾക്ക് രജിസ്​റ്റർ ചെയ്ത് തുടങ്ങാം. സർക്കാർ, സ്വകാര്യ മേഖലകളിൽ അർഹരായ സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ മുന്നിൽനിന്ന് പ്രവർത്തിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിക്ക് നന്ദി അറിയിക്കുന്നതായി തൊഴിൽമന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.

സ്വകാര്യ മേഖലയിലെ കമ്പനികളിൽ 60 ശതമാനം തൊഴിലുകളും ഖത്തരികൾക്ക് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും മാനവശേഷിവികസന വകുപ്പുകളിൽ 80 ശതമാനം ജോലികളും സ്വദേശികൾക്ക് നൽകാനും നിർദേശിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു.

മന്ത്രാലയം ആരംഭിച്ച ഒാൺലൈൻ പോർട്ടലിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും. തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള മാർഗങ്ങളും പോർട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്. തൊഴിലുടമകൾക്കും ഉദ്യോഗാർഥിക്കും പരസ്​പരം ആശയവിനിമയം നടത്താനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിരിക്കുന്നു. ഒാൺലൈൻ പോർട്ടൽ യാഥാർഥ്യമായതോടെ രാജ്യത്ത് സ്വദേശിവത്​കരണ നടപടികൾ വേഗത്തിലാകുമെന്നാണ് കരുതുന്നത്. ലളിതമായാണ് ഒാൺലൈൻ പോർട്ടലെന്നും യൂസുഫ് മുഹമ്മദ് ഉഥ്മാൻ ഫഖ്റൂ കൂട്ടിച്ചേർത്തു.

ഉദ്യോഗാർഥിയുടെ ബയോഡാറ്റ തയാറാക്കുക, രജിസ്​റ്റർ ചെയ്യുക, യോഗ്യതക്കനുസരിച്ച ജോലി തെരഞ്ഞെടുക്കുക, ഇൻറർവ്യൂ, അംഗീകാരം ലഭിച്ചാൽ നിയമനം എന്നിവയാണ് ഇതിലൂടെയുള്ള പ്രക്രിയയിൽ.

തൊഴിൽ തേടുന്നവർക്ക് ആഗസ്​റ്റ് 24 മുതൽ രജിസ്​റ്റർ ചെയ്യുകയും സി.വി രൂപപ്പെടുത്തുകയും ചെയ്യാം. സെപ്​റ്റംബർ മുതൽ അനുയോജ്യമായ തൊഴിലവസരങ്ങൾ ഉദ്യോഗാർഥികൾക്ക് കണ്ടെത്താനാകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.