ദോഹ: ഉൽപാദനച്ചെലവ് കുറക്കുന്നതിന് കാർഷികമേഖലയിൽ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. രാജ്യത്തെ കർഷകർക്ക് പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുമായി മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര നവീകരണ പദ്ധതിയുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രാദേശിക ഫാമുകളെ കൂടുതൽ ജലക്ഷമതയുള്ള കാർഷിക സംവിധാനം സ്വീകരിക്കാൻ അവരെ സഹായിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.
ജല ഉപഭോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈഡ്രോപോണിക് പോലുള്ള ജലക്ഷമതയുള്ള കാർഷിക സാങ്കേതികവിദ്യകൾ സ്ഥാപിക്കുന്നതിന് അവരെ പിന്തുണക്കുന്നതിനും പ്രാദേശിക ഫാമുകളിലേക്ക് ജലസേചന ശൃംഖല എത്തിക്കുകയാണ് പരിഹാരമെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖുലൈഫി പറഞ്ഞു.
ഗ്രീൻ ഹൗസുകൾ കൂടുതലായി ഉപയോഗിക്കുന്നതും പുതിയ സാങ്കേതികവിദ്യകളും വഴി ജലപ്രശ്നത്തെ മറികടക്കാൻ സഹായിക്കുമന്ന് അദ്ദേഹം സൂചിപ്പിച്ചു.
മേഖലയിലെ മറ്റുരാജ്യങ്ങളെപ്പോലെ ഖത്തറിലും കാർഷികമേഖല നേരിടുന്ന പ്രധാന വെല്ലുവിളി ജലക്ഷാമമാണ്. സാധാരണ കൃഷിക്കായി ഭൂഗർഭജലത്തെയാണ് ആശ്രയിക്കാറ്. ഭൂഗർഭജലത്തിന്റെ പ്രധാന ഉറവിടം മഴയാണ്. കുറച്ച് വർഷങ്ങളായി മേഖലയിൽ പ്രത്യേകിച്ചും ഖത്തറിൽ മഴയുടെ അളവിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രീൻ ഹൗസുകളിലായി ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളുടെ ഉൽപാദനച്ചെലവ് താരതമ്യേന കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിനിടെ രാസവളങ്ങളുടെ വിലയിൽ 100 ശതമാനം വർധനവുണ്ടായി. അക്കാരണത്താലാണ് ഇറക്കുമതി ഉൽപന്നങ്ങളുമായി വിപണിയിൽ മത്സരിക്കാൻ പ്രാദേശിക ഫാമുകളെ അവയുടെ ഉൽപാദനച്ചെലവ് കുറക്കാൻ മുനിസിപ്പാലിറ്റി പിന്തുണക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വിത്ത്, കീടനാശിനികൾ, രാസവളങ്ങൾ, ഗ്രീൻ ഹൗസ് സംവിധാനങ്ങൾ, ജലസേചന ശൃംഖല, കാർഷിക ഉൽപന്നങ്ങളുടെ വിപണനം എന്നിവ ഉപയോഗിച്ച് രാജ്യത്തെ പ്രാദേശിക ഫാമുകളെ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക സെൻസസും കാർഷികോൽപന്നങ്ങളുടെ ഉൽപാദനച്ചെലവ് വിലയിരുത്തുന്നതിനുമായി ഒരു സർവേ നടത്തുന്നതിന് 2021ൽ ഖത്തർ സർവകലാശാലയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും അൽ ഖുലൈഫി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാർഷിക ഉൽപാദനത്തിൽ അഞ്ചിരട്ടി വർധനവുണ്ടായതായും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഉയർന്ന സീസണിൽ വൻതോതിൽ പച്ചക്കറി ഇറക്കുമതി ചെയ്യുന്നതോടെ വിപണിയിൽ കാർഷിക ഉൽപന്നങ്ങളുടെ വിലയിൽ കുറവുണ്ടാകും.
വിതരണക്കാർ പ്രാദേശിക ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രത്യേകിച്ചും തിരക്കേറിയ സീസണിൽ അവയുടെ വില സ്ഥിരപ്പെടുത്തുന്നതിനും പ്രാദേശിക കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.