ദോഹ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച കുരങ്ങുപനി (മങ്കി പോക്സ് - എം പോക്സ്) അണുബാധ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു.
അണുബാധയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന സാഹചര്യമുണ്ടായാൽ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക് പോകണമെന്നും ഡോ. ഹമദ് അൽ റുമൈഹി ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നിരവധി മുൻകരുതലുകളും പ്രതിരോധ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും, സംശയാസ്പദമായ കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും അവ കൈകാര്യം ചെയ്യാൻ തയാറെടുക്കുന്നതിനും അവരുമായി സമ്പർക്കം പുലർത്തുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുമിളകൾ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരുമായോ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുമായോ, രോഗം സ്ഥിരീകരിച്ചവരുമായോ ശാരീരിക സമ്പർക്കം ഒഴിവാക്കാനായാൽ രോഗത്തെ തടയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് പടരുന്നതായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കാനും എംപോക്സ് അണുബാധ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനും പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അൽ റുമൈഹി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് വരുന്നവരിൽ എംപോക്സ് കേസുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കൻ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേർ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സമയം കൂടിയാണിത്.
കിഴക്കൻ, മധ്യ ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനകാരണം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.