അൽ അറബ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ നിന്ന്
ദോഹ: വ്രതവിശുദ്ധിയുടെ 29 ദിനങ്ങൾക്കു ശേഷം, പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വിശ്വാസി സമൂഹം. ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ വംശീയ ഉന്മൂലനത്തിന് ഇരയാവുന്ന ഫലസ്തീനികൾക്കായി മനമുരുകി പ്രാർഥിച്ചും, റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിൽ നിലനിർത്താൻ ആഹ്വാനം ചെയ്തും പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ജനലക്ഷങ്ങൾ ഒത്തുചേർന്നു. രാവിലെ 5.43നായിരുന്നു ഖത്തറിലുടനീളം പെരുന്നാൾ നമസ്കാരങ്ങൾ ആരംഭിച്ചത്.
വുകൈർ വലിയ പള്ളിയിൽ ഈദ് നമസ്കാരത്തിനെത്തിയവരുടെ നിര പള്ളിയും നിറഞ്ഞ് പുറത്തേക്ക് നീണ്ടപ്പോൾ -ചിത്രം: നാസർ ആലുവ
പ്രാർഥനാ കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് അതിരാവിലെ തന്നെ ജനങ്ങൾ പുറത്തിറങ്ങിയപ്പോൾ, കുറ്റമറ്റ ഗതാഗത ക്രമീകരണങ്ങളുമായി അധികൃതർ യാത്രാ സൗകര്യവുമൊരുക്കി. തലസ്ഥാന നഗരിയായ ദോഹയിലും നഗരത്തിന് പുറത്തും വിദൂര സ്ഥലങ്ങളിലുമായി 730ഓളം സ്ഥലങ്ങളിൽ ഈദ് നമസ്കാര സൗകര്യം ഒരുക്കിയതായാണ് റിപ്പോർട്ട്.
നേരത്തെ പള്ളികളും ഈദ് ഗാഹും ഉൾപ്പെടെ 690 ഇടങ്ങളെന്നായിരുന്നു ഔഖാഫ് അറിയിച്ചതെങ്കിലും ജനത്തിരക്ക് പരിഗണിച്ച് കൂടുതൽ ഇടങ്ങളിൽ നമസ്കാരം നടന്നു. പെരുന്നാൾ നമസ്കാരത്തിനു ശേഷം നടന്ന പ്രഭാഷണങ്ങളിൽ എല്ലായിടങ്ങളിലും ഇമാമുമാർ ഫലസ്തീനികളുടെ സഹനവും ജീവിതവും ഓർമിച്ചുകൊണ്ട് ഉത്ബോധിപ്പിച്ചു. അവർക്കുവേണ്ടി പ്രാർഥനകളും നടന്നു. പ്രധാന നമസ്കാര കേന്ദ്രങ്ങളായ ഇമം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് മസ്ജിദ്, ദോഹയിലെ അൽ അറബി സ്റ്റേഡിയം, അലി ബിൻ അലി പള്ളി, ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, മുശൈരിബ് ഡൗൺടൗൺ, അൽ വുകൈർ, അൽ വക്റ തുടങ്ങിയ കേന്ദ്രങ്ങളിലെ ഈദ് നമസ്കാരങ്ങൾ ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.
ഏഷ്യൻ ടൗൺ ഈദ് ഗാഹിൽ നിന്നുള്ള ദൃശ്യം. വർക്കേഴ്സ് സപോർട്ട് ആൻഡ് ഇൻഷുറൻസ് നേതൃത്വത്തിൽ നടന്ന നമസ്കാരത്തിൽ 6000ത്തോളം പേർ പങ്കെടുത്തു. ഈദിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിൽ കല, സാംസ്കാരിക പരിപാടികളും ഇവിടെ അരങ്ങേറും.
വിവിധ ഇടങ്ങളിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സയ്ദ് ആൽ മഹ്മൂദ് ഇസ് ലാമിക് കൾചറൽ സെന്റർ ആഭിമുഖ്യത്തിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയും നിർവഹിച്ചു. വുകൈർ മസ്ജിദ് ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയിൽ കെ.ടി മുബാറക്, അബുഹമൂർ ജാസിം ദർവിഷ് ഈദ്ഗാഹിൽ അനൂപ് ഹസൻ, അൽഖോർ ലുലു ഈദ്ഗാഹിൽ ജംഷീദ് ഇബ്രാഹിം, അൽ അറബി സ്റ്റേഡിയത്തിൽ പി.പി റഹീം, ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിലെ ഈദ് ഗാഹിൽ ഹാഫിദ് അസ്ലം, മുൻതസ പാർക്കിനോട് ചേർന്നുള്ള അബൂബക്കർ സിദ്ദീസ് സ്കൂളിന് സമീപത്തെ മസ്ജിദിൽ ഉമർ ഫൈസി എന്നിവർ പെരുന്നാൾ ഖുതുബയുടെ പരിഭാഷ നിർവഹിച്ചു.
ലഹരിക്കെതിരായ സാമൂഹിക ബോധവത്കരണവും കുടുംബങ്ങളിലെ രക്ഷിതാക്കളുടെ ഉത്തരവാദിത്തവും വിവിധ ഇമാമുമാർ ഉത്ബോധിപ്പിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈദ് നമസ്കാര സ്ഥലങ്ങളിലെത്തിയ പ്രവാസികൾ പരസ്പരം സ്നേഹം പങ്കിട്ടും ഈദാശംസകൾ കൈമാറിയുമാണ് മടങ്ങിയത്.
ദോഹ: തുടർച്ചയായി മൂന്നാം വർഷവും ഈദ് ഗാഹ് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പതിനായിരങ്ങളെത്തി. ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ്, എജുക്കേഷൻ സിറ്റി പള്ളയായ മിനാരതൈൻ എന്നിവരുടെയും നേതൃത്വത്തിലാണ് ഖത്തർ ഫൗണ്ടേഷനിലെ സ്റ്റേഡിയത്തിൽ ഈദ് നമസ്കാരവും വിനോദ പരിപാടികളും നടന്നത്. അഹമ്മദ് അൽ ദോസരി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നമസ്കാരത്തിൽ പങ്കുചേർന്നു.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദ് നമസ്കാര ശേഷം ഖുതുബ നിർവഹിക്കുന്നു
റമദാൻ വ്രതത്തിനു പിന്നാലെ വിശ്വാസികളുടെ ഐക്യത്തിന്റെ കൂടി പ്രതീകമായാണ് എജുക്കേഷൻ സിറ്റിയിലെ നമസ്കാര സൗകര്യമെന്ന് മിനാരതൈൻ പ്രോജക്ട് മാനേജർ വാസിഫ് അലി ഖാൻ പറഞ്ഞു.
നമസ്കാര ശേഷം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.