ദോഹ: പുതുവർഷത്തിൽ വിദ്യാർഥികൾ മുതൽ കുടുംബങ്ങൾ, പ്രഫഷനലുകൾ എന്നിവർക്കായി പുതുമ നിറഞ്ഞ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ച് ഖത്തർ ദേശീയ ലൈബ്രറി. കുട്ടികളുടെ പ്രിയപ്പെട്ട പാവകളിയിലൂടെയാണ് പുതുവർഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സംസ്കാരിക മന്ത്രാലയത്തിന്റെ തിയറ്റർ അഫയേഴ്‌സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ കുട്ടികളുടെ കഥകൾക്ക് ജീവൻ നൽകുന്ന പ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സർവകലാശാല ആപ്ലിക്കേഷനുകൾ, സ്കോളർഷിപ്പുകൾ, കരിയർ ആസൂത്രണം എന്നിവയെക്കുറിച്ച് കൂടുതലറിയാനും വിദ്യാർഥികളെ സഹായിക്കാനുമായുള്ള ലൈബ്രറിയുടെ ഏറ്റവും പുതിയ മെന്റർഷിപ് പ്രോഗ്രാം ഈ മാസം 11, 18, 28 തീയതികളിലായി ലൈബ്രറിയിൽ നടക്കും. മൂന്ന് സെഷനുകളിലായി പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഖത്തറിലെ പ്രമുഖ പ്രഫഷനലുകളുമായും ചിന്തകരുമായും ബന്ധപ്പെടാനുള്ള അവസരം സംഘാടകർ ഒരുക്കും.ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവർക്ക് കാമറ ക്രമീകരണങ്ങൾ, ലെൻസുകൾ, ലൈറ്റിങ്, കോമ്പോസിഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ഫോട്ടോഗ്രഫി ടെക്‌നിക്കുകളെ സംബന്ധിച്ച് ജനുവരി 11ന് പ്രത്യേക സെഷനും ലൈബ്രറി സംഘടിപ്പിക്കുന്നു.ജനുവരി11ന് ലൈബ്രറിയുടെ ലിറ്ററസി എസൻഷ്യൽ അറ്റ് ക്യു.എൻ.എൽ പരമ്പര പുനരാരംഭിക്കും. ആദ്യ സെഷൻ അറബിയിലായിരിക്കും. ഇതിന്റെ രണ്ടാം സെഷൻ ജനുവരി 25ന് ഇംഗ്ലീഷിൽ നടക്കും.
ജനുവരി 17ന് വസ്തുതകൾ പരിശോധിക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ എന്ന തലക്കെട്ടിൽ പ്രത്യേക സെഷൻ ലൈബ്രറിയിൽ നടക്കും. വിവരങ്ങളുടെ പ്രാഥമിക ഉറവിടങ്ങളും മറ്റ് തരത്തിലുള്ള വിവരങ്ങളും തമ്മിലുള്ള വ്യത്യാസം സെഷനിൽ ചർച്ച ചെയ്യും.ഒാൺലൈനിൽ വിവരങ്ങൾ സെർച്ച് ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി വെബ്‌സെർച്ച് ടെക്‌നിക്കുകളിൽ ശ്രദ്ധയൂന്നിയുള്ള സെഷൻ ജനുവരി 22ന് നടക്കും. വിദ്യാഭ്യാസ മേഖലയിൽ നിർമിതബുദ്ധിയുടെ പങ്ക് അന്വേഷിക്കുന്ന സെഷനുമായി ജനുവരി18 ന് സയൻസ് ബുക്ക് ഫോറം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.