ദോഹ: ഫലസ്തീൻ-ഇസ്രായേൽ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കെ, ഫലസ്തീന്റെ അറബ്, ഇസ്ലാമിക സ്വത്വം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ച് ഖത്തർ സാംസ്കാരിക മന്ത്രാലയം. മന്ത്രാലയത്തിന് സമീപത്തുള്ള ബൈത്ത് അൽ ഹിക്മ (വിസ്ഡം ഹൗസ്) ഹാളിൽ നടത്തിയ സെമിനാറിൽ കലാ, സാംസ്കാരിക വകുപ്പ് മേധാവി മർയം യാസിൻ അൽ ഹമ്മാദി മോഡറേറ്ററായിരുന്നു. തുർക്കി-ഫലസ്തീൻ ഹൗസ് ഫോർ കൾചർ ഡയറക്ടർ സമീർ അത്തിയ്യയും സെമിനാറിൽ പങ്കെടുത്തു. ഫലസ്തീൻ രാജ്യവും അവിടത്തെ ജനതയും ദേശവും വ്യക്തിത്വവും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ അസാധാരണമായ സമയത്താണ് ഫലസ്തീനിലും പുറത്തുമുള്ള തലമുറകളുടെ ഓർമകൾ പുതുക്കി സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സമീർ അത്തിയ്യ ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു.
വിഷയത്തിന്റെ പ്രാധാന്യത്താൽ ഏറെ സമ്പന്നമായ സെമിനാർ ഫലസ്തീൻ സത്വത്തിന്റെ ചരിത്ര ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായും സമീർ അത്തിയ്യ കൂട്ടിച്ചേർത്തു. ഫലസ്തീൻ സ്വത്വം ഫലസ്തീനകത്തും ഫലസ്തീൻ പ്രവാസികൾക്കിടയിലും വെല്ലുവിളികൾക്ക് വിഷയമാകാനുള്ള കാരണങ്ങളും ഫലസ്തീനിയൻ സംസ്കാരവും സ്വത്വവുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുന്നതിനൊപ്പം പിന്തുണക്കുന്നതിൽ അറബ് പങ്കും സെമിനാറിൽ ചർച്ച ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
ഫലസ്തീനിനകത്തും പുറത്തുമുള്ള പൗരന്മാരുടെ ജീവിതാനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതിനാൽ തലമുറകളുടെ ഓർമകളുടെ പ്രധാനവശം സാംസ്കാരിക മന്ത്രാലയം അവതരിപ്പിച്ചതായി അത്തിയ്യ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ അധിനിവേശത്തിന്റെ തുടക്കം മുതൽ ഫലസ്തീൻ ജനത അവരുടെ അറബ്, ഇസ്ലാമിക സ്വത്വത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ അത് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും, തങ്ങളുടെ പ്രശ്നങ്ങൾക്കിടയിലും അവകാശങ്ങൾക്കും സംസ്കാരങ്ങൾക്കും സ്വത്വത്തിനുമായി തങ്ങളുടെ ശത്രുവിനെതിരെ ചെറുത്തുനിൽപ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.