ദോഹ: എത്ര മൂടിപ്പുതച്ചു കിടന്നാലും അരിച്ചെത്തുന്ന തണുപ്പ് ചിലപ്പോൾ മടുപ്പിക്കും. തണുപ്പിന് കാഠിന്യം കൂടുമ്പോൾ പ്രവാസികളും സ്വദേശികളുമെല്ലാം സ്വീകരിക്കുന്ന സൂത്രങ്ങളിലൊന്നാണ് തീകൂട്ടി ചൂടുപിടിപ്പിക്കുകയെന്നത്. എന്നാൽ, സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമാവുന്ന അപകടകരമായ പ്രവൃത്തിയാണിതെന്ന് മുന്നറിയിപ്പു നൽകുകയാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം.
മതിയായ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ തീകൂട്ടുമ്പോൾ വലിയ അപകടങ്ങളാണ് പതിയിരിക്കുന്നതെന്ന് മന്ത്രാലയം സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ കാമ്പയിനിലൂടെ ഓർമപ്പെടുത്തുന്നു. വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ തീകൂട്ടുമ്പോൾ പുക നിറഞ്ഞ് രൂപപ്പെടുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ മരണത്തിന് കാരണമാകും. നിറമോ മണമോ ഇല്ലാത്ത നിശ്ശബ്ദ കൊലയാളി വാതകമാണ് കാർബൺ മോണോക്സൈഡ്.
ഉറങ്ങിക്കിടക്കുന്നവർ ഇത് ശ്വസിക്കുമ്പോൾ ശ്വാസംമുട്ടലിനും മരണത്തിനും വരെ കാരണമായേക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. അടച്ചിട്ട ഇടങ്ങളിൽ തീകൂട്ടുകയോ അതിനുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യുമ്പോൾ ഉചിതമായ വായുസഞ്ചാര രീതികളുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം. വ്യക്തികളുടെ സുരക്ഷക്ക് മുൻഗണന നൽകിയാവണം ഇതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ബോധവത്കരണം നടത്താനും ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. തണുപ്പുകാലങ്ങളിൽ സമാനമായ സംഭവങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീകൂട്ടി കിടന്ന മൂന്ന് ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചത്.
ദോഹ: അടുത്ത രണ്ടു ദിവസങ്ങളിൽ ഖത്തറിൽ കാറ്റും ശക്തമായ തണുപ്പും അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. വടക്കു പടിഞ്ഞാറൻ കാറ്റ് കരുത്തോടെ വീശുന്നതിനാൽ താപനില കുറഞ്ഞ് തണുപ്പിന്റെ കാഠിന്യം കൂടുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.
ശനിയാഴ്ച രാവിലെ സുദാന്തിലെ സ്റ്റേഷൻ മേഖലയിൽ 13 ഡിഗ്രിയായിരുന്നു താപനില. ദോഹയിൽ ഇത് 17 ഡിഗ്രിയായും അടയാളപ്പെടുത്തി. ചിലയിടങ്ങളിൽ പൊടിക്കാറ്റിനു കൂടി സാധ്യതയും പ്രവചിച്ചു. ശനിയാഴ്ച അബു സംറയിൽ 14ഉം അൽ ഖോറിലും അൽ മിസൈദിലും 13ഉം ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.