ദോഹ: പുതുവർഷച്ചൂടിന് ഫുട്ബാൾ ആവേശം പകർന്ന് ഖത്തറിൽ ഇന്ന് ഫ്രഞ്ച് ഫുട്ബാളിലെ ചാമ്പ്യൻ ക്ലബുകളുടെ പോരാട്ടം. യൂറോപ്പിലെയും ഏഷ്യയിലെയും കാൽപന്ത് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കരുത്തരായ ക്ലബുകളുടെ അങ്കത്തിനാണ് രാത്രി 7.30ന് 974 സ്റ്റേഡിയത്തിൽ കിക്കോഫ് വിസിൽ മുഴങ്ങുന്നത്.
ലോകഫുട്ബാളിലെ മുൻനിര ടീമുകളുടെ പ്രധാന താരങ്ങൾ അണിനിരക്കുന്ന പി.എസ്.ജിയും എ.എസ് മൊണാകോയുമാണ് ഇന്ന് ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് പുതുവത്സര കളിവിരുന്നൊരുക്കുന്നത്. ഫ്രഞ്ച് ലീഗിലെയും ഫ്രഞ്ച് കപ്പിലെയും ജേതാക്കൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ പ്രശസ്തമാണ് ‘ട്രോഫി ഡെസ് ചാമ്പ്യൻസ്’ എന്നറിയപ്പെടുന്ന ഫ്രഞ്ച് സൂപ്പർ കപ്പ്.
കഴിഞ്ഞ സീസണിൽ ഇരു ചാമ്പ്യൻഷിപ്പുകളിലും പാരീസിയൻസ് തന്നെയായിരുന്നു കപ്പുയർത്തിയത്. അതോടെ, ലീഗിൽ റണ്ണേഴ്സായ മൊണാകോക്കായി സൂപ്പർകപ്പിൽ പി.എസ്.ജിയെ നേരിടാനുള്ള അവസരം.
രണ്ടു ദിവസം മുമ്പേ ദോഹയിലെത്തിയ ഇരു ടീമുകളും സജീവ പരിശീലനവും കഴിഞ്ഞാണ് ഞായറാഴ്ച രാത്രി ലോകകപ്പ് വേദിയിൽ കളത്തിലിറങ്ങുന്നത്.
സൂപ്പർകപ്പിന്റെ 29ാമത് പതിപ്പിനാണ് ദോഹ വേദിയൊരുക്കുന്നത്. നിലവിൽ 12 തവണ കപ്പുയർത്തിയ പി.എസ്.ജിയാണ് മുന്നിലുള്ളത്. തുടർച്ചയായി രണ്ടു സീസണിലും അവർക്കായിരുന്നു കിരീടനേട്ടം. 2000ൽ അവസാനമായി കിരീടമണിഞ്ഞ മൊണാകോ നാലു തവണയാണ് ഇതുവരെ സൂപ്പർ കപ്പ് നേടിയത്.
കരുത്തരായ പരിശീലകൻ ലൂയി എൻറിക്വെയുടെ കീഴിലുള്ള പി.എസ്.ജി ആഭ്യന്തര-യൂറോപ്യൻ ഫുട്ബാളിലെ അതേ താളം നിലനിർത്താൻ ലക്ഷ്യമിട്ട് മികച്ച ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നത്. ഗോൾ കീപ്പർ ജിയാൻലൂയിജി ഡോണറുമ്മ, അഷ്റഫ് ഹകീമി, മാർക്വിനോസ്, ഒസ്മാനെ ഡെംബലെ തുടങ്ങിയ താരങ്ങളെല്ലാം േപ്ലയിങ് ഇലവനിൽ ഇടം നേടും.
ഡിസംബറിൽ നടന്ന ലീഗ് വൺ മത്സരത്തിൽ പി.എസ്.ജിയോട് 4-2ന് തോറ്റ മൊണാകോ കരുതലോടെയാവും ടീമിനെ അണിനിരത്തുന്നത്. ഫിലിപ് കോൺ, വിൽഫ്രഡ് സിൻഗോ, ബ്രീൽ എംബോളോ, തിലോ ഖെറർ തുടങ്ങിയവരുടെ സാന്നിധ്യമുള്ള മൊണോകോയും മോശക്കാരല്ല.
ദോഹ: ഫ്രഞ്ച് സൂപ്പർ കപ്പിൽ മൊണോക്കോക്ക് എതിരെ പി.എസ്.ജി താരങ്ങൾ അറബി ഭാഷയിൽ പേരെഴുതിയ ജഴ്സി ധരിച്ചായിരിക്കും കളത്തിലിറങ്ങുക. പി.എസ്.ജി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രമുഖ ഖത്തരി കാലിഗ്രാഫറായ ഫാത്തിമ അൽ ഷെർഷാനാണ് ജഴ്സികൾക്ക് പിറകിൽ താരങ്ങളുടെ പേര് അറബിയിൽ എഴുതിയിരിക്കുന്നത്.
നേരത്തേ 2023ലും ഫ്രഞ്ച് ക്ലബുമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ പരിചയം ഫാത്തിമക്കുണ്ട്. അഷ്റഫ് ഹകീമി, ഉസ്മാൻ ഡെംബലെ, ബ്രാഡ്ലി ബാർകോള, ജാവോ നെവ്സ്, വിറ്റിൻഹ എന്നീ താരങ്ങളുടെ പേരുകൾ അറബിയിൽ പ്രിന്റ് ചെയ്ത ജഴ്സി ക്ലബ് ആരാധകർക്കായി പുറത്തിറക്കി.
ദോഹ: കാണികൾക്ക് 974 സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകുന്നേരം 4.30ന് ആരംഭിക്കും. സ്റ്റേഡിയത്തിന് പുറത്ത് ആരാധകർക്കായി ഫാൻ സോൺ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദോഹ മെട്രോയിൽ റാസ് അബു അബൂദ് സ്റ്റേഷനിലിറങ്ങി സ്റ്റേഡിയത്തിലേക്ക് നടന്ന് എത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.